siva-a

കോടിക്കണക്കിന് ശിവലിംഗ പ്രതിഷ്‌ഠകളുള‌ള ഒരു ക്ഷേത്രം. കേട്ടിട്ടുണ്ടോ അങ്ങനെയൊന്ന്? എന്നാൽ കേട്ടോളൂ ലോകത്തിലെ ഏറ്റവുമധികം ശിവലിംഗങ്ങളുള‌ളത് മാത്രമല്ല ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നും സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. കോലാർ ജില്ലയിൽ കമ്മസാദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികൾക്ക് ഏറെ പ്രാധാനമാണ്. കർണ്ണാടകയിലെ ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം.

പേരുപോലെ തന്നെ ക്ഷേത്രത്തിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് ഇവിടത്തെ ശിവലിംഗങ്ങൾ. ചെറുതും വലുതുമായി ഒരു കോടിയോളം ശിവലിംഗങ്ങളുണ്ട്. കോടി ശിവലിംഗങ്ങളുള്ള ശിവന്റെ ഇടമായതിനാലാണ് ഇവിടം കോടിലിംഗേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് ഇവിടെയാണുള്ളത്. 33 മീറ്ററിലധികം ഉയരമുള്ള ഈ ശിവലിംഗം എല്ലാ ശിവലിംഗങ്ങളെയും കടത്തിവെട്ടുമെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ കൂറ്റൻ ശിവലിംഗത്തിനു ചുറ്റുമായി ബാക്കിയുള്ള ശിവലിംഗങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഇതിനു തൊട്ടടുത്തായി വലിയൊരു നന്ദിയുടെ പ്രതിമയും കാണാം.11 മീറ്റർ ഉയരമുണ്ട് ഇതിന്.

siva-b

1980 ൽ സ്വാമി സാംബശിവ മൂർത്തിയാണ് ക്ഷേത്രം നിർമ്മിച്ചത്. അതേ വർഷം തന്നെ ഇവിടെ ശിവലിംഗം സ്ഥാപിച്ചു. പിന്നീട് എല്ലാ വർഷവും ഇവിടെ എത്തുന്ന വിശ്വാസികൾ ശിവലിംഗങ്ങൾ സ്ഥാപിക്കാൻ താല്പര്യം കാണിച്ചതോടെയാണ് ഇവിടെ ശിവലിംഗങ്ങളുടെ എണ്ണം ഉയർന്ന് ഒരു കോടി എണ്ണം കഴിഞ്ഞത്.

15 ഏക്കർ സ്ഥലത്താണ് ക്ഷേത്രങ്ങളും ശിവലിംഗങ്ങളും പരുന്നുകിടക്കുന്നത്. പ്രധാന ക്ഷേത്രത്തിന് ചുറ്റുമായി വ്യത്യസ്ത പ്രതിഷ്ഠകളുള്ള വേറെയും ക്ഷേത്രങ്ങളുണ്ട്. വിഷ്ണു, ബ്രഹ്മാവ്, മഹേശ്വരൻ, കോട്ടലിംഗേശ്വര, അന്നപൂർണ്ണേശ്വരി, കരുമാരിയമ്മ, വെങ്കട്ടരമണി സ്വാമി, പാണ്ഡുരംഗ, രാമാസീതാ ലക്ഷ്മണൻ, പഞ്ചമുഖ ഗണപതി, ആജ്ഞനേയൻ. കന്നിക പരമേശ്വരി എന്നിവരുടെയെല്ലാം ക്ഷേത്രം ഇവിടെയുണ്ട്.

കർണ്ണാടകയിലെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇവിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ ഇവിടെത്തുന്നുണ്ട്. ആഗ്രഹ സാഫല്യമായും നേർച്ചയായും വിശ്വാസികൾക്ക് ഇവിടെ ശിവലിംഗം സ്ഥാപിക്കാം. ആറായിരം രൂപ മുതലാണ് അതിന് ചെലവ് വരിക.