nut

ബീജിംഗ്: നീതി തേടി നടത്തുന്ന വിവിധ പ്രതിഷേധങ്ങൾക്കും കൊവിഡ് കാലത്ത് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മെറ്റൽ ക്ലിപ്പുകൾ ഉപയോഗിച്ച് വായ മൂടി വ്യത്യസ്ത പ്രതിഷേധവുമായി ബ്രദർ നട്ട് എന്ന് വിളിപ്പേരുള്ള ചൈനീസ് ചിത്രകാരൻ. 30 ദിവസത്തേക്ക് 30 ക്ലിപ്പുകൾ ഉപയോഗിച്ച് വായ മൂടിക്കെട്ടാനാണ് നട്ടിന്റെ തീരുമാനം. #shutupfor30days (30 ദിവസത്തേക്ക് അടച്ചിടുന്നു) എന്ന ഹാഷ്‍ടാഗും നട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വെബ്സൈറ്റിലെ പേജ് കാണാതാകുമ്പോൾ വരുന്ന സന്ദേശമായ 404 എന്നെഴുതിയ പാക്കിംഗ് ടേപ്പും വായയ്ക്ക് ചുറ്റും ഒട്ടിച്ചുവച്ചു. നിരവധി വെബ്സൈറ്റുകൾക്ക് ചൈനീസ് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്. എന്നാൽ തന്റെ യഥാർത്ഥ പേര് പ്രസിദ്ധീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബ്രദർ നട്ട് പറയുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് ചൈന നേരിടുന്നത്. രോഗവ്യാപനം തുടങ്ങിയതോടെ ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യം വീണ്ടും കുറയുകയാണ് ചെയ്‍തത്. എതിരഭിപ്രായം പറയുന്നവരെയെല്ലാം നിശബ്‍ദരാക്കുന്ന നയമാണ് ഷി ജിൻപിംഗ് സർക്കാർ സ്വീകരിക്കുന്നത്.

സാമൂഹിക വിഷയങ്ങളിൽ മുമ്പും ശക്തമായി പ്രതികരിച്ചിട്ടുണ്ട് ബ്രദർ നട്ട്. സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുന്നതിൽ മാദ്ധ്യമപ്രവർത്തകർക്കോ സന്നദ്ധ സംഘടനകൾക്കോ ഉള്ള ഉത്തരവാദിത്തം തന്നെയാണ് തനിക്കുമുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.
വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാൻ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാക്വം ക്ലീനർ തള്ളിക്കൊണ്ട് നട്ട് ബീജിംഗ് നഗരത്തിലൂടെ നടന്നിരുന്നു.ബീജിംഗ് ഒളിംപിക്സിനെ പരിഹസിച്ചുകൊണ്ട് നട്ട് ദീപശിഖാ റാലി നടത്തിയിരുന്നു. ഇതിനെ തുടർന്ന്, പോലീസ് അദ്ദേഹത്തെ 10 ദിവസം തടങ്കലിലാക്കി.