ടോക്കിയോ: ബാറിലെത്തുകയോ മദ്യപിക്കുകയോ ഒക്കെ ആവാം. പക്ഷേ മുമ്പ് പതിവുണ്ടായിരുന്ന കെട്ടിപ്പിടുത്തമോ ഉമ്മവയ്പ്പോ ഇനി ഇവിടെ പറ്റില്ല. വളരെ വ്യത്യസ്തമായ രീതിയിൽ കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാൻ. അവിടെ പബ്ബുകളും ബാറുകളും തുറന്നെങ്കിലും കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
എങ്ങനെ ഉപഭോക്താവിനെ സത്കരിക്കണം എന്നതിനു വരെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം കൊടുത്തിട്ടുണ്ട്. പബ്ബിലും ബാറിലുമെത്തുന്നവർ കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ പാടില്ല. ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം പങ്കുവയ്ക്കാമെന്ന് ചിന്തിക്കുകയേ വേണ്ട. എന്തിന് അടുത്തിരുന്ന് കഴിക്കാൻ പോലും അവകാശമില്ല. അത്തരക്കാരെ ചെവിയിൽ തൂക്കി പുറത്തെറിയാൻ സെക്യൂരിറ്റി റെഡിയാണ്.
കൊവിഡ് വ്യാപകമായതോടെയാണ് ജപ്പാനിൽ നിയന്ത്രണങ്ങളും കർശനമായത്. ഒന്നര മീറ്റർ അകലമിട്ടാണ് സീറ്റുകൾ പോലും സജ്ജീകരിച്ചിരിക്കുന്നത്. എത്തുന്നത് ദമ്പതികളാണെങ്കിൽ മാത്രം ചുംബനത്തിൽ ഇളവുണ്ട്. അതും ചെറിയ ഇളവ്. ഇത്തരത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെ വ്യാപാരം നടത്താമെന്ന് കാട്ടി മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ജപ്പാൻ. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ഉല്ലാസ കേന്ദ്രങ്ങളിൽ എത്തുന്നതിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയതോടെയാണ് അത്തരം കാര്യങ്ങൾ പാലിക്കുന്നവർ മാത്രം എത്തിയാൽ മതിയെന്ന് സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.