
ഇസ്ലാമാബാദ്: ഇടുങ്ങിയ കൂടിനോടും കാലുകളിലെ ചങ്ങലയോടും വിടപറയാൻ ഒരുങ്ങി ‘കാവൻ’. ഇസ്ലാമാബാദിലെ കാഴ്ചബംഗ്ലാവിലെ ഒറ്റപ്പെട്ട ജീവിതം അവസാനിപ്പിച്ച് ‘കാവൻ’ എന്ന ആന അധികം വൈകാതെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് എത്തും. ഇസ്ലാമാബാദിലെ ചെറിയ കാഴ്ചബംഗ്ലാവിൽ ദുരിതമനുഭവിക്കുന്ന ആനയുടെ പ്രയാസം ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ കാമ്പയിനാക്കി മാറ്റിയിരുന്നു. ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ ആനയെ കംബോഡിയയിലേക്ക് മാറ്റാൻ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കോടതി ഉത്തരവ് അംഗീകരിക്കുമെന്നും ആനയെ മാറ്റുമെന്നും പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മിയാൻ അസ്ലം അമിൻ പറഞ്ഞു. എന്നാണ് കംബോഡിയയിലേക്ക് കൊണ്ടുപോകുകയെന്ന് വ്യക്തമാക്കിയില്ല. കൂട്ടുണ്ടായിരുന്ന പിടിയാന 2012ൽ ചരിഞ്ഞതിനെ തുടർന്നാണ് ‘കാവൻ’ അക്രമാസക്തനാകുന്നതെന്നും അല്ലാതെ തങ്ങൾ പീഡിപ്പിച്ചതല്ലെന്നുമാണ് കാഴ്ചബംഗ്ലാവ് അധികൃതർ നൽകുന്ന വിശദീകരണം.
കാവൻ, ശ്രീലങ്കയുടെ സമ്മാനം
1985ൽ ശ്രീലങ്ക സമ്മാനമായി നൽകിയ ‘കാവൻ’ ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു.