sachin

ജയ്പൂർ: ”അയാൾ കൂടെനിന്ന് ചതിക്കുകയായിരുന്നു. ഇത് ഞാൻ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. മുഖത്തെ നിഷ്‌കളങ്കതകൊണ്ട് അയാൾ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു.ഇത്രയും സുന്ദരനായ ഒരാൾ കൂടെനിന്ന് ചതിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ.. ”- രാജസ്ഥാനിൽ വിമതസ്വരമുയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞതാണിത്. സർക്കാരിനെ തകർക്കാൻ മാസങ്ങളായി സച്ചിൻ ബി ജെ പിയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു എന്നും ഗെലോട്ട് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം സച്ചിനെ നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്.

സച്ചിന്റെ ലക്ഷ്യത്തെക്കുറിച്ച് താൻ നേരത്തേ മനസിലാക്കിയെന്നാണ് ഗെലോട്ട് പറയുന്നത്. അത് രാഷ്ട്രീയത്തിലെ തന്റെ എക്സ്പീരിയൻസുകൊണ്ടാണെന്ന് സൂചന നൽകാനും ഗെലോട്ട് മറന്നില്ല. ഞാൻ പച്ചക്കറി കച്ചവടക്കാരനല്ല, മുഖ്യമന്ത്രിയാണ് എന്നാണദ്ദേഹം പറഞ്ഞത്. തങ്ങൾ എം എൽ

എമാരെ ഒരിക്കലും റിസോർട്ടിൽ ബന്ദികളാക്കിയില്ലെന്നും ഗെലോട്ട് പറയുന്നുണ്ട്. ”അവർക്ക് ഇഷ്ടമുളളതുപോലെ പ്രവർത്തിക്കാനുളള അനുവാദം നൽകിയിരുന്നു. എന്നാൽ സച്ചിൻ ക്യാമ്പ് അങ്ങനെയായിരുന്നില്ല. പലരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒപ്പം കൂട്ടിയത്. ഫോണിലൂടെ പല എം എൽ എമാരും ഇക്കാര്യം ഞങ്ങളോട് പറഞ്ഞു. അവർ കരയുന്നുണ്ടായിരുന്നു”- ഗെലോട്ട് പറഞ്ഞു.

നേരത്തേ സച്ചിൻ പെെലറ്റിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തിയിരുന്നു സച്ചിൻ ബി ജെ പിയിൽ ചേർന്ന് 45ാം വയസിൽ പ്രധാനമന്ത്രിയാകാനുള്ല പുറപ്പാടിലാണോ എന്നായിരുന്നു മാ‌‌‌ർഗരറ്റിന്റെ പരിഹാസം. രാജ്യം കൊവിഡിനെതിരെയും അതിര്‍ത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെയും പോരാടുമ്പോള്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആവാനാണ് ശ്രമം നടത്തുന്നെന്നും അവ‌ർ ആരോപിച്ചിരുന്നു.