മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലപ്പുറം തിരൂരിലെ മീൻ മാർക്കറ്റ് അടയ്ക്കാൻ നിർദേശം. മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ് പരിശോധന നടത്തും. പെരിന്തൽമണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും അടയ്ക്കും. കൊണ്ടോട്ടിയിൽ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
മലപ്പുറത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,240 പേർക്കാണ്. 1,132 പേർ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേരാണ്. പ്രവാസികൾ ഏറ്റവും കൂടുതൽ മടങ്ങിയെത്തുന്ന ജില്ലകളിൽ ഒന്നാണ് മലപ്പുറം. അവരുടെ മടങ്ങിവരവിനിടെ സമ്പർക്ക വ്യാപനം കൂടി രൂക്ഷമാകുന്നത് സ്ഥിതി വഷളാക്കുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. അതനുസരിച്ചുള്ള മുൻകരുതൽ നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വാർഡ് നേരത്തെ അടച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി യ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വളരെ അത്യാവശ്യമുള്ളവർ മാത്രം ചികിത്സയ്ക്ക് എത്തിയാൽ മതിയെന്ന് സൂപ്രണ്ട് അഭ്യർത്ഥിച്ചു. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ നിരീക്ഷണത്തിൽ പോയിരുന്നു.