death

ടെഹ്‌റാൻ: യു.എസിന്റെയും ഇസ്രായേലിന്റെയും രഹസ്യാന്വേഷണ ഏജൻസികൾക്ക് ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിയൻ വാർത്ത ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മഹ്‌മൂദ് മൗസവി മാജിദ് എന്ന ഇറാനിയൻ പൗരനെ ഇന്ന് രാവിലെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. യു.എസിന്റെ ഡ്രോൺ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനുമാണ്.

ജനുവരി മൂന്നിനാണ് ഇറാഖിൽവച്ച് ജനറൽ സുലൈമാനി യു.എസ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മേഖലയിൽ യു.എസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ സുലൈമാനിയാണെന്നായിരുന്നു യു.എസിന്റെ ആരോപണം. നവംബറിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച്‌ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇറാനിൽ വലിയ പ്രതിഷേധം അരങ്ങേറുന്ന ഘട്ടത്തിലാണ് ചാരവൃത്തി ആരോപണത്തിൽ വധശിക്ഷ നടപ്പാക്കുന്നത്.

ജനറൽ ഖാസിം സുലൈമാനി

♦ ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനും

♦ മദ്ധ്യപൂർവദേശത്ത് ഇറാൻ ഓപ്പറേഷൻസിന്റെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാനി, കടുത്ത അമേരിക്കൻ വിരോധി.

♦ ഐസിസ് വിരുദ്ധൻ, സിറിയയിലെ ബഷർ അൽ അസദിന്റെ ചങ്ങാതി.

♦ കൊല്ലപ്പെട്ടത് ഇറാൻ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പിന് തൊട്ടുമുമ്പ്