വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.46 കോടി കവിഞ്ഞു. അമേരിക്കയിൽ മാത്രം 38.98 ലക്ഷം രോഗികളാണുള്ളത്. ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ സ്ഥിതിയും അതീവ ആശങ്കാവഹമാണ്. ദക്ഷിണാഫ്രിക്കയും പെറുവും വൈറസിന്റെ പുതിയ ഹോട്ട്സ്പോട്ടുകളായിമാറി.
അമേരിക്കയിൽ ഇളവുകൾ നിലവിൽ വന്നതോടെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളിൽ 42ലും കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്രാപിച്ചു. മരണനിരക്കിലും രോഗവ്യാപനത്തിലും രാജ്യത്ത് വൻ കുതിപ്പ് അനുഭവപ്പെട്ടു. ഓരോ ആഴ്ചയും 5000 ഓളം പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിക്കുന്നത്. രാജ്യത്ത് മൃതശരീരങ്ങൾ മറവുചെയ്യുന്നതിലും ഇപ്പോൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്. ഇന്നലെ മാത്രം 60,000തിനായിരത്തിലധികം കേസുകളും 800ലധികം മരണവും റിപ്പോർട്ട് ചെയ്തു.
നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കൊവിഡ്
നൈജീരിയൻ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് (65)കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒന്യേമ തന്നെയാണ് പരിശോധന ഫലം പോസിറ്റീവായതായി ട്വിറ്ററിലൂടെ അറിയിച്ചത്. 'കഴിഞ്ഞ ദിവസം നടത്തിയ നാലാമത്തെ കൊവിഡ് പരിശോധനയിൽ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി.ഇതാണ് ജീവിതം. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാൻ പ്രാർത്ഥിക്കുന്നു'- ഒന്യേമ ട്വീറ്റ് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഒന്യേമ.
കൊവിഡ് മീറ്റർ
ലോകത്ത് ആകെ രോഗികൾ - 1.46 കോടി
മരണം - 6,09,531
രോഗവിമുക്തർ - 87.52 ലക്ഷം
(രാജ്യം - രോഗികൾ - മരണം)
അമേരിക്ക - 38,98,694 - 1,43,289
ബ്രസീൽ - 20,99,896 - 79,533
ഇന്ത്യ - 11,19,412 - 27,514
റഷ്യ - 7,77,486 - 12,427
ദക്ഷിണാഫ്രിക്ക - 3,64,328 - 5,033
പെറു - 3,53,590 - 13,187