chelsea-f-a-cup

മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1ന് തോൽപ്പിച്ച് ചെൽസി എഫ്.എ കപ്പ് ഫൈനലിൽ

മാഞ്ചസ്റ്ററിന് വിനയായത് ഗോളി ഡേവിഡി ഡി ഗിയയുടെ പിഴവുകൾ

ചെൽസിയും ആഴ്സനലും തമ്മിലുള്ള ഫൈനൽ ആഗസ്റ്റ് ഒന്നിന്

ലണ്ടൻ : ഗോളിയുടെ മണ്ടത്തരങ്ങൾക്കൊണ്ട് എഫ്.എ കപ്പ് ഫുട്ബാളിന്റെ ഫൈനലിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ രാത്രി ചെൽസിക്കെതിരായ സെമിഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽക്കുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ സ്പെയ്ൻകാരനായ ഗോൾ കീപ്പർ ഡേവിഡ് ഡിഗിയയുടെ ഗുരുതരമായ പിഴവുകളാണ് ചെൽസിക്ക് ആദ്യ രണ്ട് ഗോളുകളും സമ്മാനിച്ചത്. മാഞ്ചസ്റ്റർ താരം ഹാരി മഗ്വെയർ സെൽഫ് ഗോളടിച്ചത് ചെൽസിയുടെ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കി. പെനാൽറ്റിയിലൂടെയാണ് മാഞ്ചസ്റ്റർ ഒരു ഗോളെങ്കിലും മടക്കിയത്.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒളിവർ ജിറൂദിലൂടെയാണ് ചെൽസി ആദ്യം സ്കോർ ചെയ്തത്. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ മാസോൺ മൗണ്ട് രണ്ടാം ഗോളും നേടി. ഇൗ രണ്ട് ഗോളുകളും ഗോൾകീപ്പറുടെ പിഴവുകൊണ്ടുമാത്രമാണ് മാഞ്ചസ്റ്ററിന് വഴങ്ങേണ്ടിവന്നത്. 74--ാം മിനിട്ടിൽ ഗോൾ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ മഗ്വെയർ സ്വന്തം പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് നാണക്കേടിന്റെ ആക്കം കൂട്ടി. ബ്രൂണോ ഫെർണാണ്ടസാണ് പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയത്.

ആഗസ്റ്റ് ഒന്നിന് വെംബ്ളി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ആഴ്സനലാണ് ചെൽസിയുടെ എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കിയാണ് ആഴ്സനൽ ഫൈനലിന് ടിക്കറ്റെടുത്തത്.

ഇൗ സീസണിൽ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലും ചെൽസിയെ തോൽപ്പിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇൗ തോൽവി കനത്ത മാന നഷ്ടമാണ് വരുത്തിയിരിക്കുന്നത്. പ്രിമിയർ ലീഗിലെ രണ്ട് മത്സരങ്ങളിലും ലീഗ് കപ്പിലുമാണ് ചെൽസി മാഞ്ചസ്റ്ററിനെ തോൽപ്പിച്ചിരുന്നത്.

2018ൽ കിരീടം നേടിയ ശേഷം ആദ്യമായാണ് ചെൽസി എഫ്.എ കപ്പിന്റെ ഫൈനലിലെത്തുന്നത്.

മാഞ്ചസ്റ്ററിന്റെ മണ്ടത്തരങ്ങൾ

1. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പോസ്റ്റിന് സമാന്തരമായി തന്റെ മുന്നിലേക്ക് വന്ന അത്പെല്ലിക്യുവേറ്റയുടെ ക്രോസിന് കാൽവയ്ക്കുകയായിരുന്നു ജിറൂദ്. ദുർബലമായ ഷോട്ട് ഡി ഗിയയ്ക്ക് തടുത്തിടാവുന്നതേയുള്ളായിരുന്നു. അർദ്ധമനസോടെയെന്ന് തോന്നിപ്പിച്ച ഗോളിയുടെ ശ്രമം പക്ഷേ വിഫലമായി. ഗോളി നിലത്തേക്ക് അമർന്നിരിക്കവേ കയ്യിൽത്തട്ടി പന്ത് വലയ്ക്ക് അകത്ത് കയറി.

2. ഇടവേള കഴിഞ്ഞ് ഇറങ്ങിയപ്പോഴും ഡി ഗിയ ആദ്യത്തെ അബദ്ധം നൽകിയ ആഘാതത്തിൽ നിന്ന് ഉണർന്നില്ല. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ വില്ലെയ്ന്റെ പാസിൽ നിന്ന് മാസോൺ മൗണ്ട് പന്തുമായി കയറിയപ്പോഴും അപകടം തിരിച്ചറിഞ്ഞില്ല. മൗണ്ട് ഷോട്ട് ഉതിർത്തപ്പോൾ നേരേ എതിർദിശയിലേക്ക് ഡൈവ് ചെയ്യുകയായിരുന്നു.

3. 74-ാം മിനിട്ടിൽ ഒരു കോർണർ അത്യുഗ്രമായി ഡി ഗിയ തട്ടിയകറ്റിയതിന് തൊട്ടുപിന്നാലെയാണ് മഗ്വെയറിന് അബദ്ധം പറ്റിയത്. ചെൽസി താരത്തിനെ ലക്ഷ്യമാക്കിവന്ന ക്രോസ് മഗ്വെയറിന്റെ പുറത്ത് തട്ടി വലയിൽ കയറുകയായിരുന്നു.

ഡി ഗിയയെ കളഞ്ഞേക്കും
ഇൗ സീസണിൽ ഇതാദ്യമായല്ല പോസ്റ്റിന് കീഴിൽ ഡേവിഡ് ഡി ഗിയ ഗുരുതരമായ പിഴവുകൾ വരുത്തുന്നത്. 2011ലാണ് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഡി ഗിയ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. ക്ളബിനായി 311 മത്സരങ്ങൾ കളിച്ചു. 29 കാരനായ ഗോളിയെ ഇൗ സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുമെന്നാണ് സൂചനകൾ.