രാമല്ല: കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലായ തന്റെ പ്രിയപ്പെട്ട അമ്മയെ ഒരുനോക്ക് കാണാനും, അവസാന നിമിഷങ്ങളിൽ അരികിൽ ഇരിക്കാനും ആശുപത്രിയിൽ ഐ.സി.യുവിന്റെ പുറം ജനാലയിൽ കയറിയിരിക്കുന്ന പാലസ്തീനി യുവാവിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാലസ്തീനിലെ ബെയ്‌ത്ത്അവ സ്വദേശിയായ ജിഹാദ് അൽ സുവൈത്തിയെന്ന ഈ 30 കാരൻ അമ്മ ചികിത്സയിൽ കഴിയുന്ന ഹെബ്‌റോൺ ആശുപത്രിയുടെ ജനാലയിലാണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ റസ്മി സുവൈതി മരിക്കുന്നത് വരെ യുവാവ് ഇത് തുടർന്നു. 'ഒന്നും ചെയ്യാനാകാതെ നിസഹായനായി ഞാൻ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ട്. ഞാൻ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാൻ ജനാലയുടെ മുകളിൽ കയറിയത്.' - ജിവാദ് പറഞ്ഞു.
യുവാവ് ജനാലയുടെ അരികിലിരിക്കുന്ന ചിത്രം ആയിരക്കണക്കിനാളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. യു.എൻ പ്രതിനിധിയും പേട്രിയോടിക് വിഷൻ സി.ഇ.ഒയുമായ മുഹമ്മദ് സഫയും ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.