jain

കൊച്ചി: യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസിന്റെ പ്രവർത്തനമെന്ന് പ്രൊ-വൈസ് ചാൻസലർ ഡോ.ജെ. ലത പറഞ്ഞു. അക്കാഡമിക പ്രവർത്തനം മാനിച്ച് 2018 മാർച്ച് 20ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യു.ജി.സി കാറ്റഗറി - 2 സ്ഥാനം നൽകി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018ലെ യു.ജി.സി (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റീസ്)​ നിയന്ത്രണ നിയമപ്രകാരം കാറ്റഗറി-2വിലെ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് അഞ്ചുവർഷത്തിൽ രാജ്യത്ത് എവിടെയും രണ്ട് ഓഫ് കാമ്പസുകൾ ആരംഭിക്കാം.

ഇതിന് യു.ജി.യുടെ പരിശോധന ആവശ്യമില്ലെന്നും വ്യവസ്ഥയുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് ചിലർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്കെതിരെ അപവാദപ്രചരണം നടത്തുന്നത്. അംഗീകാരത്തിനായി,​ 2018 ആഗസ്‌റ്ര് 31ലെ യു.ജി.സി നോട്ടിഫിക്കേഷൻ പ്രകാരം,​ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്രചട്ടവും നിലവിൽ വന്നതിനാൽ കാമതാമസം നേരിട്ടു.

തിരഞ്ഞെടുപ്പിന് ശേഷം,​ യു.ജി.സിയുടെ പുതുക്കിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി വീണ്ടും അപേക്ഷ നൽകാൻ 2019 സെപ്‌തംബർ 16ന് ആവശ്യപ്പെട്ടു. തുടർന്ന്,​ പുതിയ അപേക്ഷ സമർപ്പിച്ചു. കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ അയയ്ക്കാനായി ഈ അപേക്ഷ മന്ത്രാലയം,​ യു.ജി.സിക്ക് കൈമാറി. എന്നാൽ,​ പ്രളയംമൂലം വിദഗ്ദ്ധസമിതിയുടെ സന്ദർശനം വൈകി.

2019 ഡിസംബർ എട്ടുമുതൽ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദർശിച്ച വിദഗ്ദ്ധ സമിതി യു.ജി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന്,​ കൊച്ചിയിൽ ഓഫ് കാമ്പസ് ആരംഭിക്കാനുള്ള അനുമതി നൽകാൻ 2020 മേയിൽ ചേർന്ന യു.ജി.സി യോഗം മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാർശ ചെയ്‌തു. ഇക്കാര്യം അറിയിച്ചുള്ള യു.ജി.സി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞമാസം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചു. ഇതാണ് വസ്‌തുത എന്നിരിക്കേ,​ കാമ്പസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന തെറ്രായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോ.ലത അഭ്യർത്ഥിച്ചു.