golden-mask

ചെന്നൈ: കൊവിഡ് രോഗികൾ വർദ്ധിക്കുമ്പോൾ സുരക്ഷിതമായ മാസ്‌കുകള്‍ ധരിക്കുന്നത് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. സുരക്ഷിതമാ മാസ്ക് എന്നതിൽ നിന്ന് മാറി ഇപ്പോൾ ഫാഷൻ മാസ്കുകളായി തരംഗം.സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളാല്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ക്ക് ഇപ്പോള്‍ ആവശ്യകത ഏറുകയാണ്. ഇത്തരത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് തമിഴനാട്ടിലെ കോയമ്പത്തൂര്‍ ആര്‍ കെ ജ്വല്ലറി വര്‍ക്സിന്റെ ഉടമ രാധാകൃഷ്ണ സുന്ദരം ആചാര്യ.

വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് വര്‍ഷങ്ങളായി നേടിയ അനുഭവമാണ് ഇത്തരത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാനുള്ള ചിന്തയിലേക്ക് തന്നെ നയിച്ചതെന്ന് രാധാകൃഷ്ണന്‍ പറയുന്നു. 'എന്തുകൊണ്ടാണ് മാസ്‌ക് ഒരു അലങ്കാരമായി ധരിക്കാത്തത്? നാളെ ഒരിക്കല്‍ അത് ഉരുക്കി മറ്റു ആഭരണങ്ങള്‍ വാങ്ങാം', രാധാകൃഷ്ണ പറയുന്നു.'18, 22 കാരറ്റ് ഹാള്‍മാര്‍ക്ക് സര്‍ട്ടിഫൈഡ് സ്വര്‍ണത്തില്‍ പരിശുദ്ധിയോടെ നിര്‍മ്മിക്കാം. വെള്ളി ആണെങ്കില്‍ 92.5 സ്റ്റെര്‍ലിംഗ് വെള്ളിയില്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ. ലോഹത്തിന്റെ ഭാരം 50 ഗ്രാം ആയിരിക്കും. മാസ്‌കിന്റെ തുണിയുടെ ഭാഗം 6 ഗ്രാം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയിരിക്കും. സില്‍വറിനു 15,000 രൂപയും അതില്‍ മുകളിലും സ്വര്‍ണ മാസ്‌കിനു 2,75,000 രൂപയിലുമാണ് ആരംഭിക്കുന്നത്', രാധാകൃഷ്ണ പറഞ്ഞു.

സംരക്ഷണത്തിനു പുറമെ മാസ്‌കിന്റെ തുണി പോലുള്ള പ്രതലം ഉള്ളതിനാല്‍ കുറെ നേരം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മാസ്‌കിന്റെ മുകളിലത്തെ ഭാഗം ലോഹത്താല്‍ നിര്‍മ്മിച്ചതാണ്. ഉള്ളില്‍ തുണിയുടെ വിവിധ പാളികള്‍ ഉണ്ട്. ഈ മാസ്‌ക് കഴുകാനും വീണ്ടും ഉപയോഗിക്കാനും സാധിക്കും. എന്നാല്‍, ഒരു കാരണവശാലും മാസ്‌ക് വളയ്ക്കാനോ ഒടിക്കാനോ പാടില്ലെന്ന് രാധാകൃഷ്ണ കൂട്ടിച്ചേര്‍ത്തു.സ്വര്‍ണം, വെള്ളി മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ട് വെറും ഒരാഴ്ച മാത്രമാണ് ആയത്. അതിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില ഉപഭോക്താക്കള്‍ സമ്മാനമായും ആഭരണമായും ഇതിനെ തെരഞ്ഞെടുത്തു കഴിഞ്ഞു.