
കാക്കനാടുള്ള ഫ്ളാറ്റിന്റെ പത്താംനിലയിലാണ് അപ്പാർട് മെന്റ്. അപ്പോൾ പൊന്നൂസ് എന്ന സ്റ്റീവും ജോക്കുട്ടൻ എന്ന ജോയനും കളി തുടങ്ങി. രണ്ടുപേരും ചങ്ക് ബ്രോസ്. കാഴ്ചയിൽ ഇരട്ടകൾ.ഇവർ ഇരട്ടകളാണോയെന്ന് മോഹൻലാൽ ചോദിച്ചതാണ് ഒടുവിലത്തെ വിശേഷം. 'ചേട്ടായി"എന്ന് വിളിച്ചു സ്റ്റീവിന്റെ പിന്നാലെ എപ്പോഴും ജോയനുണ്ട്. 'ജോക്കുട്ടാ" എന്നു വിളിച്ചു സ്റ്റീവും. നാളെ സ്റ്റീവിന് സ്കൂളിൽ പോവണം. ഇനി ഒരാഴ്ച കഴിഞ്ഞേ ചങ്കുകൾ കൂട്ടിമുട്ടൂ. സ്റ്റീവിന്റെയും ജോക്കുട്ടന്റെയും പുന്നാര അപ്പയായി ഭഗത് മാനുവൽ സോഫയിൽ ഇരിക്കുന്നു. '' അപ്പന്റെ കല്യാണം കണ്ട മോനാണിത് "". അപ്പോൾ ഭഗത് മാനുവലും സ്റ്റീവും നിറഞ്ഞു ചിരിച്ചു. ''അമ്മയുടെ കല്യാണം കണ്ട മോനാണിത്.'' അപ്പോൾ ഷെലിൻ എന്ന ലീനുവും മൂന്നുവയസുകാരൻ ജോയനും നിറഞ്ഞു ചിരിച്ചു. പുതുനിറങ്ങൾ ചാലിച്ച് പുത്തൻ ജീവിതയാത്രയിലാണ് ഭഗത് മാനുവൽ.ഇനിയുള്ള യാത്രയിൽ ഭഗത്തിന് കൂട്ടായി ഷെലിനുണ്ടെന്ന് മാലാഖമാർക്ക് അറിയാം. ഭഗത്തിന് അരികുചേർന്ന് ഷെലിൻ ഇരുന്നു.പിന്നെ കണ്ണിൽ നോക്കി ചിരിച്ചു.ആദ്യമായി കണ്ടപ്പോഴും രണ്ടുപേർക്കും ഇതേ ചിരിയായിരുന്നു. '' രണ്ടു ആൺമക്കളുടെ അപ്പനാണ് ഞാൻ. ജോക്കുട്ടൻ അവന്റെ പപ്പയെ കണ്ടിട്ടില്ല. ഇനി മുതൽ ഞാനാണ് അവന്റെ പപ്പ. സ്റ്റീവ് അവന്റെ അമ്മയെ ഇപ്പോഴും കാണാറുണ്ട്.അവർ ഇപ്പോൾ എന്റെ നല്ല സുഹൃത്താണ്.അവരുടെ വീട്ടുകാരുമായി നല്ല ബന്ധമാണ്.
സ്റ്റീവിനെ കാണണമെന്ന് പറഞ്ഞാൽ അവിടേക്ക് അയയ്ക്കാറുണ്ട്.രണ്ടുമൂന്നു ദിവസം അവൻ അവിടെ താമസിക്കും. എനിക്ക് ആരോടും ദേഷ്യമോ പരിഭവമോയില്ല. ഒരു വർഷം മാത്രമാണ് ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞത്. സംഭവിച്ചതെല്ലാം ദൈവ നിശ്ചയമെന്ന് കരുതുന്നു. പുതിയ ജീവിതയാത്രയും ദൈവനിശ്ചയമാവാം.അതിനാലാണ് ദേഷ്യമോ പരിഭവമോയില്ലാത്തത്. അപ്പനും അമ്മയും കാരണം സ്റ്റീവിന് ആരുമില്ലാതിരിക്കാൻ പാടില്ല.എല്ലാവരും വേണം.എന്റെ കരിയറിലും ജീവിതത്തിലും ഏറ്റക്കുറച്ചിലുകളുണ്ട്. പക്ഷേ ഞാനത് ആസ്വദിക്കുന്നു. അഞ്ചു വർഷമായി തനിച്ചായിരുന്നു. ഒന്നും ആരെയും അറിയിച്ചില്ല. സിനിമയിലെ ഏറ്റവും അടുത്ത കൂട്ടുകാർക്ക് മാത്രം എല്ലാം അറിയാമായിരുന്നു. നിവിൻ, അജു, ജയേട്ടൻ അങ്ങനെ വളരെ കുറച്ചു പേർക്ക് മാത്രം. പിന്നെ എപ്പോഴോ തോന്നി ഒരു കൂട്ടുവേണമെന്ന് . ചിലപ്പോൾ പെണ്ണ് കിട്ടിയില്ലെങ്കിലോ..."" ഷെലിനെ നോക്കി ഭഗത് നിറഞ്ഞു ചിരിച്ചു. ആ ചിരിയിൽ ഷെലിൻ പങ്കുചേർന്നു. '' നാളെയെക്കുറിച്ച് നമ്മുക്ക് അറിയില്ല. ഇന്ന് സന്തോഷമായിരിക്കുക . ഇനി മുതൽ എന്റെ ഒപ്പം സന്തോഷിക്കാൻ ഒരാളുകൂടിയിരിക്കട്ടെയെന്ന് തോന്നി. അങ്ങനെ ലീനു വന്നു."" കോഴിക്കോടാണ് ഷെലിന്റെ നാട്. അപ്പോൾ വെള്ളിമാടുകുന്നിലെ വീട്ടിലെ പെണ്ണു കാണൽ ദിവസം ഒാടി എത്തി.അടുത്ത നിമിഷം ഭഗത്തിനെ പാളി നോക്കി ചിരിച്ചു ഷെലിൻ മിണ്ടി തുടങ്ങി.
'' അന്ന് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. മുഖാമുഖം നോക്കി ചിരിച്ചുകൊണ്ടു കുറെനേരമിരുന്നു. ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ ഇച്ചയുടേതാണെന്ന് തീരുമാനിച്ചു. ഇച്ച സംസാരിക്കുമെന്ന് ഞാൻ കരുതി. ആള് ഒരക്ഷരം മിണ്ടിയില്ല. ഞാൻ കറുപ്പ് സാരിയും ഇച്ച വെളുപ്പ് ഷർട്ടും. നല്ല കോമ്പിനേഷനായി തോന്നി. കുറച്ചു കഴിഞ്ഞ് ഇച്ച മിണ്ടി.""ഭഗത്തിനെ നോക്കി ഷെലിൻ വീണ്ടും നിറഞ്ഞു ചിരിച്ചു.ആ ചിരിയിൽ ഭഗത് അലിഞ്ഞു ചേർന്നു.'' ഭയങ്കര ചൂടത്തിയും എടുത്തുചാട്ടക്കാരിയുമാണെന്ന് അപ്പോൾ പറഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞു ഞാൻ കണ്ടത് ഇതൊന്നുമല്ലാത്ത ലീനുവിനെയാണ് ."" പ്രിയ പാതി സംസാരിക്കുന്നത് കേട്ടിരിക്കുകയാണ് ഷെലിൻണ
ചിരി മുഖത്തുനിന്ന് മായാതെ പറ്റി കിടപ്പുണ്ട്. '' മാതാപിതാക്കൾ വിവാഹമോചിതരാകുമ്പോൾ സാധാരണ മക്കൾ അമ്മമാരോടൊപ്പമാണ് പോകുന്നത്. ഒരു നല്ല പപ്പയായതിനാലാണ് മോൻ ഇച്ചയുടെ കൂടെയുള്ളതെന്ന എന്റെ വിശ്വാസം ശരിയായിരുന്നു. രണ്ടു ആൺമക്കളുടെ അമ്മയാണ് ഞാൻ. അമ്മ എന്നു വിളിച്ചു പൊന്നൂസ് എപ്പോഴും എന്റെ പിന്നാലെ കൂടും."" അമ്മ പറയുന്നത് പൊന്നൂസ് ചിരിച്ചുകൊണ്ട് കേട്ടിരിക്കുകയാണ്. അടുത്ത നിമിഷം ജോക്കുട്ടനെയും കൂട്ടി അമ്മ മടിയിലേക്ക് ചാഞ്ഞു.'' പൊന്നൂസിന് ഇപ്പോൾ എന്നെ വേണ്ട.എല്ലാത്തിനും അമ്മ മതി. പൊന്നൂസും ജോക്കുട്ടനും എങ്ങനെ ഉൾക്കൊള്ളുമെന്ന ചിന്ത ഞങ്ങൾ രണ്ടുപേർക്കുമുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. ഞങ്ങളേക്കാൾ ഉൾക്കൊണ്ടത് അവരായിരുന്നു. ലീനു ഒരു കുഞ്ഞിന്റെ അമ്മയായതിനാൽ എന്റെ മകന്റെ മനസ് തിരിച്ചറിയാൻ കഴിയുമെന്ന് അറിയാമായിരുന്നു. ഞാൻ ജോക്കുട്ടനെ സ് നേഹിക്കുന്നതിന്റെ നൂറിരട്ടി ലീനു പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എന്റെ മോന് ഒരു അമ്മ വേണം. അവിടെ ഒരു അപ്പൻ വേണം. അവർക്ക് അപ്പനെയും അമ്മയെയും കൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. അവരുടെ മനസ് തിരിച്ചറിയാൻ ശ്രമിച്ചു. സന്തോഷം തിരികെ കൊടുത്തു. തൊടുപുഴ വില്ലേജ് ഇന്ത്യൻ നാഷണൽ സ്കൂളിൽ സ്റ്റീവ് ഒന്നാം ക്ളാസിൽ പഠിക്കുന്നു. ജോക്കുട്ടൻ പ്ളേ സ്കൂളിൽ.വരുന്ന അദ്ധ്യയന വർഷം രണ്ടുപേരും കൊച്ചിയിലെ സ്കൂളിൽ ഒരുമിച്ചു പോവും.പിന്നിട്ട അഞ്ചു വർഷം ഞാൻ തനിച്ചായിരുന്നു. സൗഹൃദങ്ങളാണ് അപ്പോഴത്തെ ജീവിതത്തിന് കരുത്ത് പകർന്നത്.