ഭുവനേശ്വർ: ആമകളിലെ ഗ്ലാമർ താരങ്ങളാണ് നക്ഷത്ര ആമകൾ. എന്നാൽ, അവയേയും കടത്തിവെട്ടുന്ന സൗന്ദര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒഡിഷയിലെ ബാലസോർ ജില്ലയിലെ സുജൻപൂർ ഗ്രാമത്തിൽ കണ്ടെത്തിയ മഞ്ഞ ആമകൾ.
സുജൻപുർ ഗ്രാമവാസികളാണ് അപൂർവങ്ങളിൽ അപൂർവമായ മഞ്ഞ ആമയെ ഞായറാഴ്ച കണ്ടെത്തിയത്. ഉടൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിളിച്ചറിയിക്കുകയും അധികൃതർ മഞ്ഞ ആമയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലൊരു ആമ അപൂർവമാണ് എന്നും താൻ ഇതുവരെ കണ്ടിട്ടില്ല എന്നും സ്ഥലത്തെ വൈൽഡ് ലൈഫ് വാർഡൻ ബനൂമിത്ര ആചാര്യ വ്യക്തമാക്കി. "ആമയുടെ പുറംതോട് മുഴുവൻ മഞ്ഞ നിറമാണ്," ആചാര്യ പറഞ്ഞു. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുസന്ദ നന്ദ പിന്നീട് മഞ്ഞ ആമയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. സസ്തനികളിൽ, ചർമ്മം, രോമങ്ങൾ, കണ്ണുകൾ എന്നിവയുടെ നിറം നിർണ്ണയിക്കുന്ന പ്രധാന പിഗ്മെന്റായ മെലാനിന്റെ വ്യതിയാനം മൂലം അപൂർവമായ നിറങ്ങളിൽ മനുഷ്യരിലടക്കം കാണപ്പെടുന്ന ആൽബിനോ അഥവാ ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ് ചെമ്പിച്ചുമുള്ള അവസ്ഥയായിരിക്കാം ഇതിന് കാരണമെന്നും ഇത്തരത്തിൽ മെലാനിന്റെ വ്യതിയാനം മൂലം നിറത്തിൽ വ്യത്യാസം വന്ന ഒരു ആമയെ വർഷങ്ങൾക്ക് മുൻപ് സിന്ധ് പ്രവിശ്യയിൽ നിന്നും മുൻപ് കണ്ടെത്തിയിട്ടുണ്ട് എന്നും നന്ദ ട്വിറ്ററിൽ കുറിച്ചു. കണ്ണുകൾക്കുള്ള പിങ്ക് നിറം ഈ ആമ ഒരു ആൽബിനോ ആണെന്ന വാദം ബലപ്പെടുത്തുന്നു എന്ന് പിന്നീട് ഉദ്യോഗസ്ഥൻ വീണ്ടും ട്വീറ്റ് ചെയ്തു. കാര്യമെന്തായാലും ആമക്കുട്ടൻ ഇപ്പോൾ സ്റ്റാറായി കഴിഞ്ഞു.