ബീജിംഗ്: കൊവിഡിന് പിന്നാലെ പ്രളയം മൂലം ദുരിതത്തിലായ ചൈനയിൽ ജലനിരപ്പ് നിയന്ത്രിക്കാനായി കിഴക്കൻ അൻഹുയ് പ്രവിശ്യയിൽ അധികൃതർ ഡാമിന്റെ ഒരു ഭാഗം തകർത്തു. കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. പ്രധാന നദികളിലും തടാകങ്ങളിലും പരമാവധി ജലനിരപ്പ് എത്തിയതോടെ അധികജലം ബാക്കപ്പ് ഡാമുകളിലേയ്ക്ക് എത്തിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാണ് ശ്രമം നടക്കുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യാഴ്സിയുടെ പോഷകനദിയായ ചു നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. നദി വിപരീത ദിശയിൽ ഒഴുകി. ഈ സാഹചര്യത്തിലാണ് ഡാം തകർത്തത്. ഇതോടെ നദിയിലെ ജലനിരപ്പ് 70 സെന്റിമീറ്ററോളം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൈനയിലെ പ്രധാന നദികളായ യാങ്സിയും ഹുവാഹിയും ഉൾപ്പെടെ 35ഓളം വലിയ നദികൾ കരകവിഞ്ഞ് ഒഴുകുന്നതായാണ് ശനിയാഴ്ച ഉച്ചയോടെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ വൻകിട ഡാമായ ത്രീ ഗോർജസ് ഡാമിന്റെയും മൂന്ന് ഷട്ടറുകൾ ആഴ്ചാവസാനം തുറന്നിരുന്നു.