തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകളിൽ പരിശീലനം നൽകുന്ന കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചത് അശാസ്ത്രീയമാണെന്ന് ദേശീയ കായികവേദി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.നജുമുദ്ദീൻ പറഞ്ഞു.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം ടീം ഇനങ്ങളിൽ വേണ്ടത്ര കുട്ടികൾ ഇല്ലാതെ പരിശീലനം നടത്താനാകാത്ത സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കായികരംഗത്തെ വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിച്ച് ചർച്ചകൾ നടത്തിയ ശേഷമല്ലാതെ ഏകപക്ഷിയമായി കുട്ടികളെ കുറയ്ക്കുന്നത് സംസ്ഥാനത്തിന്റെ കായികപ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്നും കായിക വേദി അഭിപ്രായപ്പെട്ടു.
കൊവിഡ് കാലം പരിഗണിക്കാതെ കൗൺസിലിൽ നടത്തുന്ന കൂട്ടസ്ഥലമാറ്റങ്ങൾ മനുഷ്യത്വരഹിതമാണ്. കൗൺസിലിൽ നിന്ന് പുറത്തുവരുന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും നജുമുദ്ദീൻ ആവശ്യപ്പെട്ടു.