തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് 182 പേർക്കാണ് കൊവിഡ് രോഗബാധ ഉള്ളതായി കണ്ടെത്തിയത്. ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധ രൂക്ഷമായ ജില്ലയിൽ, രോഗികളുടെ എണ്ണം നിലവിൽ രണ്ടായിരത്തിന് മുകളിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളതായി സ്ഥിരീകരിച്ചത്.
ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്. രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധം ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നലെ, ജൂലൈ 28 അർദ്ധരാത്രി വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്ത് ആകമാനം ഇന്ന് 794 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്.
മറ്റ് ജില്ലകളുടെ കണക്കെടുത്താൽ, കോഴിക്കോട്ട് 92 പേർക്കും, കൊല്ലത്ത് 79 പേർക്കും, എറണാകുളത്ത് 72 പേർക്കും, ആലപ്പുഴയിൽ 53 പേർക്കും, മലപ്പുറത്ത് 50 പേർക്കും, പാലക്കാട് 49 പേർക്കും, കണ്ണൂരിൽ 48 പേർക്കും, കോട്ടയത്ത് 46 പേർക്കും, തൃശ്ശൂരിൽ 42 പേർക്കും, കാസർകോട്ട് 28 പേർക്കും, വയനാട് 26 പേർക്കും, ഇടുക്കിയിൽ 24 പേർക്കും, പത്തനംതിട്ടയിൽ 3 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.