കൊച്ചി: കൊവിഡ് കാലത്തും കേരളത്തിലെ സ്‌റ്രാർട്ടപ്പുകൾക്ക് ആശ്വാസം പകർന്ന് നിക്ഷേപമൊഴുകുന്നു. നിക്ഷേപം ആകർഷിക്കാനായി കേരള സ്‌റ്രാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺവരെയായി സംഘടിപ്പിച്ച വിവിധ പരിപാടികളിലൂടെ സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകൾ നേടിയത് 230.75 കോടി രൂപയാണ്.
ബിസിനസ് ടു ബിസിനസ് (ബി2ബി) സംരംഭങ്ങളാണ് ഏറ്രവുമധികം നിക്ഷേപം സ്വന്തമാക്കിയത്; 140 കോടി രൂപ. കൺസ്യൂമർടെക് സംരംഭങ്ങൾ 48.75 കോടി രൂപ, എജ്യൂടെക് മേഖല 12 കോടി രൂപ, ഹെൽത്ത്ടെക് അഞ്ച് കോടി രൂപ, ഹാർഡ്‌വെയർ ആൻഡ് റോബോട്ടിക്‌സ് 10 കോടി രൂപ എന്നിങ്ങനെയും നേടി. മറ്റു മേഖലയിലുള്ളവയ്ക്ക് 15 കോടി രൂപയും ലഭിച്ചു. ബാങ്കുകളിൽ നിന്ന് പ്രവർത്തനമൂലധന വായ്പ ലഭ്യമാക്കാനുള്ള നടപടികൾക്കും സ്‌റ്രാർട്ടപ്പ് മിഷൻ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി, ബാങ്കുകൾക്ക് 90ഓളം അപേക്ഷകൾ സമർപ്പിച്ചു. ഇതിൽ 25ഓളം സ്‌റ്റാർട്ടപ്പുകളുടെ അപേക്ഷയ്ക്ക് വായ്പാനുമതി 'തത്വത്തിൽ" ഉറപ്പായിട്ടുണ്ട്. മൂന്നു അപേക്ഷകൾക്ക് അനുമതി ലഭിച്ചു.
നിലവിൽ വായ്‌പാ അക്കൗണ്ടുള്ളവയ്ക്ക് 20 ശതമാനം ടോപ് അപ്പ് ആണ് ലഭിക്കുക. അക്കൗണ്ടില്ലാത്തവയ്ക്ക് ഫ്രഷ് വായ്പ ലഭ്യമാക്കും. പരമാവധി രണ്ടുകോടി രൂപവരെയാണ് വായ്പ തേടുന്നത്. ഇതിനുപുറമേ, സർക്കാരിൽ നിന്ന് പർച്ചേസ് ഓർഡർ നേടുന്നവയ്ക്ക് 10 കോടി രൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമുണ്ട്. വെഞ്ച്വർ ഡെറ്ര് സ്‌കീമിലൂടെ അഞ്ചുകോടി രൂപവരെയും നേടാം. ഇതിന്, പർച്ചേസ് ഓർഡർ ആവശ്യമില്ല.
വേണം, പുതിയ
ബിസിനസ്
നിലവിലെ സാഹചര്യത്തിൽ പുതിയ ബിസിനസുകളിലൂടെ വരുമാനം നേടാനുള്ള വഴിയാണ് കേരള സ്‌റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്. ഇതിനായി, സ്‌റ്റാർട്ടപ്പുകൾക്ക് ചെറുകിട സംരംഭങ്ങളുമായി സംവദിക്കാൻ ജൂൺ അവസാനവാരം 'ബിഗ് ഡെമോ ഡേ" വിർച്വൽ വിപണന പരിപാടി സംഘടിപ്പിച്ചു. ചെറുകിടക്കാർക്ക് ഉത്‌പന്നങ്ങളും സേവനങ്ങളും കുറഞ്ഞചെലവിലും മികച്ച നിലവാരത്തിലും ഡിജിറ്റൽവത്കരിക്കാനുള്ള സഹായമാണ് സ്‌റ്രാർട്ടപ്പുകൾ നൽകുക.
ഒട്ടേറെ സ്‌റ്റാർട്ടപ്പുകൾക്ക് ഇതുവഴി പുതിയ ബിസിനസ് ലഭിച്ചുവെന്നും ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കെ.എസ്.യു.എം സി.ഇ.ഒ സജി ഗോപിനാഥ് 'കേരളകൗമുദി"യോട് പറഞ്ഞു. ഡെമോ ഡേ രണ്ടാംഘട്ടം ആഗസ്‌റ്രിൽ നടക്കും. എജ്യൂടെക്, ഫിൻടെക്, എന്റർപ്രൈസസ് എന്നിവയ്ക്കാണ് രണ്ടാംഘട്ടത്തിൽ പ്രാമുഖ്യം നൽകുക.
''കൊവിഡ് മൂലം പൊതുവേ നിക്ഷേപങ്ങൾ കുറഞ്ഞ വേളയിലാണ് കേരളത്തിലെ സ്‌റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപമൊഴുകിയത്. കൂടുതൽ ആവേശവും ആത്മവിശ്വാസവും പകരുന്നതാണ് ഈ നേട്ടം"",
സജി ഗോപിനാഥ്,
സി.ഇ.ഒ, കേരള സ്‌റ്റാർട്ടപ്പ് മിഷൻ
വെല്ലുവിളി
ഒഴിയുന്നു
കൊവിഡ് പശ്‌ചാത്തലത്തിൽ സംസ്ഥാനത്തെ 800 സ്‌റ്രാർട്ടപ്പുകളെ ഉൾക്കൊള്ളിച്ച് സ്‌റ്രാർട്ടപ്പ് മിഷൻ ഒരു പഠനം നടത്തിയിരുന്നു. അതിലെ പ്രധാന കണ്ടെത്തലുകൾ:
അടച്ചുപൂട്ടിയവ : 14%
വരുമാനം കുറഞ്ഞവ : 30-35%
പരിക്കേൽക്കാത്തവ : 30%
വരുമാനം കൂടിയവ : 20-21%
(എജ്യൂടെക്, ഇ-കൊമേഴ്‌സ് സംരംഭങ്ങൾക്കാണ് വരുമാനം മെച്ചപ്പെട്ടത്)