ലണ്ടൻ: കൊവിഡ് വാക്‌സിൻ കണ്ടെത്തി എന്ന ശുഭ വാർത്ത പ്രതീക്ഷിച്ചിരിക്കുകയാണ് ലോകത്തെ 780 കോടി ജനങ്ങളും. ഓക്‌സ്‌ഫോർഡ് സർവകലാശാല ഗവേഷകർ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലുളള പരീക്ഷണം ആരംഭിച്ച വാർത്ത ഇന്ന് പുറത്ത് വരികയും ചെയ്‌തു. എന്നാലും ഈ വർഷം അവസാനത്തോടെ ഫലപ്രജമായൊരു കൊവിഡ് വാക്‌സിൻ പുറത്തിറക്കാനാകും എന്ന പൂർണ വിശ്വാസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണില്ല.നിലവിൽ ബ്രിട്ടീഷ് സർക്കാർ കോടിക്കണക്കിന് പണമാണ് വാക്‌സിൻ ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം ഗുരുതരമായ കൊവിഡ് രോഗം സ്ഥിരീകരിച്ച ജോൺസണ് പിന്നീട് രോഗം ഭേദമായി.
'രാജ്യത്ത് നടക്കുന്ന വിവിധ ഗവേഷണങ്ങളിൽ കൊവിഡ് ചികിത്സയ്ക്ക് വാക്സിൻ കണ്ടെത്താനാകുമെന്ന് ഗവേഷകർക്ക് നല്ല ഉറപ്പാണ്. താനും അക്ഷമനായി കാത്തിരിക്കുകയാണ്. നൂറോളം മരുന്നുകളുടെ പരീക്ഷണങ്ങൾ വിവിധ ഘട്ടത്തിൽ നടക്കുകയാണ്. എന്നാൽ ഈ വർഷമോ അടുത്ത വർഷമോ എന്ന കാര്യത്തിൽ അവർക്ക് ഉറപ്പ് പറയാനാകില്ല.' ബോറിസ് ജോൺസൺ പറയുന്നു. 'അതിനാൽ നിലവിൽ സ്വീകരിക്കുന്ന മതിയായ സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നിങ്ങനെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചേ പറ്രൂ.' ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.