അവസാന മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില
റയൽ 2- ലെഗനേസ് 2
മാഡ്രിഡ് : കൊവിഡിന് ശേഷം പുനരാരംഭിച്ച സ്പാനിഷ് ലാ ലിഗ ഫുട്ബാൾ സീസണിന് തിരശീല വീണു. ഒരുമത്സരം ശേഷിക്കവേ ലാ ലിഗ ചാമ്പ്യൻ പട്ടം നേടിയിരുന്ന റയൽ മാഡ്രിഡ് അവസാന മത്സരത്തിൽ ലെഗാനേസിനോട് 2-2ന് സമനില വഴങ്ങി. ബാഴ്സലോണ അവസാന മത്സരത്തിൽ 5-0ത്തിന് ഡി പോർട്ടീവോ അലാവേസിനെ തോൽപ്പിച്ചപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് 1-1ന് റയൽ സോസിഡാഡിനോട് സമനില വഴങ്ങി.
ചാമ്പ്യൻ പരിവേഷവുമായി ഇറങ്ങിയ റയൽ രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ഒൻപതാം മിനിട്ടിൽ നായകൻ സെർജിയോ റാമോസിലൂടെയാണ് ആദ്യം റയൽ ഗോളടിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രയാൻ ഗിൽ ലെഗാനേസിനെ തുല്യതയിലെത്തിച്ചു. 52-ാം മിനിട്ടിൽ അസൻഷ്യോ വീണ്ടും റയലിനെ മുന്നിലെത്തിച്ചെങ്കിലും 78-ാം മിനിട്ടിലെ അസാലെയുടെ ഗോൾ കളിയുടെ വിധി കുറിച്ചു.
38 മത്സരങ്ങളിൽ നിന്ന് 87 പോയിന്റുകൾ നേടിയാണ് റയൽ ചാമ്പ്യൻസായത്. 26 മത്സരങ്ങൾ വിജയിച്ച റയൽ ഒൻപത് സമനിലകളും മൂന്ന് തോൽവികളും വഴങ്ങി. 82 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്. ബാഴ്സലോണയിൽ നിന്നാണ് റയൽ കിരീടം തിരിച്ചുപിടിച്ചത്. ഇത് 34-ാം തവണയാണ് റയൽ ലാ ലിഗ ചാമ്പ്യന്മാരാകുന്നത്.
ലാ ലിഗ പോയിന്റ് പട്ടിക
(ടീം, കളി , പോയിന്റ്)
റയൽ മാഡ്രിഡ് 38-87
ബാഴ്സലോണ 38-82
അത്‌ലറ്റിക്കോ 38-70
സെവിയ്യ 38-70
വിയ്യാറയൽ 38-60