ബെയ്ജിംഗ്: കനത്ത പ്രളയത്തില്‍ ദുരിതത്തിലായ ചൈനയില്‍ ജലനിരപ്പ് നിയന്ത്രിക്കാനായി അധികൃതര്‍ ഒരു ഡാം തകര്‍ത്തതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ അന്‍ഹുയ് പ്രവിശ്യയിലാണ് അധികൃതര്‍ ഒരു ഡാമിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്.
മധ്യ ചൈനയിലും കിഴക്കന്‍ മേഖലയിലുമായി ഇതുവരെ പ്രളയത്തില്‍ 140 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലായ് ആദ്യവാരം മുതല്‍ ആരംഭിച്ച പ്രളയം രണ്ടരക്കോടിയോളം ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രധാന നദികളിലും തടാകങ്ങളിലും പരമാവധി ജലനിരപ്പ് എത്തിയതോടെ അധിക ജലം ബാക്കപ്പ് ഡാമുകളിലേയ്ക്ക് എത്തിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു പുറമെയാണ് അന്‍ഹുയ് പ്രവിശ്യയില്‍ ചു നദിയിലെ ഒരു ഡാമില്‍ റെക്കോഡ് ജലനിരപ്പ് എത്തിയതോടെ ഡാമിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു നടപടിയെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചു നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. വന്‍തോതില്‍ വെള്ളമെത്തിയതോടെ നദി വിപരീത ദിശയില്‍ ഒഴുകാനും ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു ഡാം തകര്‍ത്തത്. ഡാമിന്റെ ഒരു ഭാഗം തകര്‍ത്തതോടെ നദിയിലെ ജലനിരപ്പ് 70 സെന്റിമീറ്ററോളം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തരത്തില്‍ ഒഴുക്കി വിടുന്ന ജലം മറ്റു രണ്ട് തടാകങ്ങളിലായി സംഭരിക്കും.ചൈനയിലെ പ്രധാന നദികളായ യാങ്‌സിയും ഹുവാഹിയും ഉള്‍പ്പെടെ 35ഓളം വലിയ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.