ന്യൂഡൽഹി: ബി.ജെ.പിയിലേക്ക് കൂറുമാറാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന കോൺഗ്രസ് എം.എൽ.എ ഗിരിരാജിന്റെ ആരോപണത്തിന് മറുപടിയുമായി സച്ചിൻ പെെലറ്റ്. ആരോപണത്തിൽ സങ്കടമുണ്ടെങ്കിലും അത്ഭുതം തോന്നുന്നില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. വ്യാജ ആരോപണത്തെ തുടർന്ന് എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സച്ചിൻ പെെലറ്റ് അറിയിച്ചു.
"അടിസ്ഥാനരഹിതവും സങ്കടപ്പെടുത്തുന്നതുമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കപ്പെടുന്നതിൽ ദുഃഖമുണ്ട്, എന്നാൽ അതിൽ ഒട്ടും അത്ഭുതപ്പെടുന്നില്ല. സംസ്ഥാന നേതൃത്വത്തിനെതിരെ ഞാൻ ഉയർത്തിയ ന്യായമായ ആശങ്കകൾ അടിച്ചമർത്താനാണ് കോൺഗ്രസിലെ അംഗം എന്ന നിലയിൽ എം.എൽ.എ ഗിരിരാജ് ശ്രമിക്കുന്നത്. ഈ ശ്രമം എന്നെ അപകീർത്തിപ്പെടുത്താനാണ്." സച്ചിൻ പെെലറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പൊതുജനങ്ങൾക്കിടയിലുളള തന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി ഇനിയും ഇത്തരത്തിലുളള കെട്ടിച്ചമച്ച ആരോപണങ്ങൾ കോൺഗ്രസ് ഉയർത്തുമെന്നും, ആരോപണങ്ങൾക്കിടയിലും തന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുമെന്നും 'സച്ചിൻ പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിനായി സച്ചിൻ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കോൺഗ്രസ് എം.എൽ.എ ഗിരിരാജ് സിംഗ് മലിംഗിന്റെ ആരോപണം. സച്ചിന്റെ വാഗ്ദാനം നിരസിച്ച താൻ ഇക്കാര്യം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അന്ന് തന്നെ അറിയിച്ചിരുന്നതായും എം.എൽ.എ ഗിരിരാജ് പറഞ്ഞിരുന്നു.