england-test-win

വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് 113 റൺ​സ് വിജയം

മാഞ്ചസ്റ്റർ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 113 റൺ​സി​ന്റെ വി​ജയം നേടി​യ ഇംഗ്ളണ്ട് മൂന്ന് മത്സര പരമ്പര 1-1ന് സമനിലയിലെത്തിച്ചു. അവസാന ദിവസം രണ്ടാം ഇന്നിംഗ്സിൽ 312 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 198 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 469/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്ന ഇംഗ്ളണ്ടിനെതിരെ വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 287 റൺസിനാണ് ആൾഒൗട്ടായത്. 182 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങി വേഗത്തിൽ 129/3 എന്ന സ്കോറിലെത്തിച്ചശേഷം ഡിക്ളയർ ചെയ്യുകയായിരുന്നു. ഇതോടെയാണ് വിൻഡീസിന് ലക്ഷ്യമായി 312 റൺസ് കുറിക്കപ്പെട്ടത്.

നാലാം ദിവസം രണ്ടാം ഇന്നിംഗ്സിൽ 37/2ൽ നിൽക്കവേയാണ് സ്റ്റംപെടുത്തിരുന്നത്. ജോസ് ബട്ട്‌ലർ(0), ക്രാവ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്.ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്ന മദ്ധ്യനിര ബാറ്റ്സ്മാൻ ബെൻ സ്റ്റോക്സാണ് ഒാപ്പണറായി ഇറങ്ങിയിരുന്നത്. ഇന്നലെ രാവിലെ 11 ഒാവറുകൾ കൂടി മാത്രമാണ് ഇംഗ്ളണ്ട് ബാറ്റ് ചെയ്തത്. ഇൗ ഒാവറുകളിൽ നിന്ന് 92 റൺസാണ് അടിച്ചുകൂട്ടിയത്. 57 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 78 റൺസടിച്ചുകൂട്ടിയ ബെൻ സ്റ്റോക്സായിരുന്നു റൺവേട്ടയിൽ മുന്നിൽ .ജോ റൂട്ട് 33 പന്തുകളിൽ 22 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിംഗ്സിൽ സ്റ്റോക്സ് 176 റൺസാണ് നേടിയിരുന്നത്.

വലിയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഒാപ്പണർ ജോൺ ക്യാംപ്ബെല്ലിനെ(4) ആദ്യ ഒാവറിൽത്തന്നെ സ്റ്റുവർട്ട് ബ്രോഡ് കീപ്പർ ബട്ട്ലറുടെ കയ്യിലെത്തിച്ചു. എട്ടാം ഒാവറിൽ ഇൻഫോം ബാറ്റ്സ്മാൻ ക്രെയ്ഗ് ബ്രാത്ത്‌വെ‌‌യ്റ്റും(12) മടങ്ങി. ക്രിസ് വോക്സാണ് ബ്രാത്ത്‌വെയറ്റിനെ എൽ.ബിയിൽ കുരുക്കി തിരിച്ചയച്ചത്. ബ്രോഡ് ഒൻപതാം ഒാവറിൽ ഷായ് ഹോപ്പിനെ (7) ബൗൾഡാക്കുകയും 15-ാം ഒാവറിൽ റോൾട്ടൺ ചേസിനെ (6) എൽ.ബിയിൽ കുരുക്കുകയും ചെയ്തതോടെ വിൻഡീസ് 37/4 എന്ന നിലയിലായിരുന്നു.തുടർന്ന് ക്രീസിലൊരുമിച്ച ഷമാർ ബ്രൂക്ക്സും (62)ബ്ളാക്ക്‌വുഡും (55) ചേർന്ന് 36-ാം ഒാവറിൽ 100 കടത്തി. ടീം സ്കോർ 137ലെത്തിയപ്പോഴാണ് ബെൻ സ്റ്റോക്സ് ബ്ളാക്ക്‌വുഡിനെ പുറത്താക്കിയത്.തുടർന്ന് ബ്രൂക്ക്സും ഹോൾഡറും (35) പൊരുതിയെങ്കിലും വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ളണ്ട് വിജയത്തിലെത്തുകയായിരുന്നു.

മൂന്നാം ടെസ്റ്റ് ഇൗ മാസം 24 മുതൽ മാഞ്ചസ്റ്ററിൽ നടക്കും.