ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നേക്കും. നിലവിൽ 12 ബാങ്കുകളാണ് പൊതുമേഖലയിൽ ഉള്ളത്. ഇവയുടെ എണ്ണം നാലോ അഞ്ചോ ആയി ചുരുക്കുകയും മറ്രുള്ളവയെ സ്വകാര്യവത്കരിക്കാനുമാണ് നീക്കമെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ബാങ്ക് ഒഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര എന്നിവയുടെ ഭൂരിഭാഗം ഓഹരി വില്പനയാണ് കേന്ദ്രത്തിന്റെ പരിഗണനയിൽ.
അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല. റിസർവ് ബാങ്കും ചില വിദഗ്ദ്ധസമിതികളും നേരത്തേ, ഇന്ത്യയിൽ അഞ്ചിലധികം പൊതുമേഖലാ ബാങ്കുകൾ വേണ്ടെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇനിയൊരു പൊതുമേഖലാ ബാങ്ക് ലയനം ഉണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഓഹരി വിറ്രൊഴിയൽ പരിഗണിക്കുന്നത്. കൊവിഡ് പശ്‌ചാത്തലത്തിൽ നികുതി വരുമാനം കുറഞ്ഞതിനാൽ, പൊതുമേഖലാ ഓഹരി വില്പനയിലൂടെ പണം നേടാമെന്നതും സർക്കാരിന് മുന്നിലുള്ള വഴിയാണ്.