കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവടക്കം നാലു പേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനവിവരം മറച്ചുവച്ചതിന് പെൺകുട്ടിയുടെ മാതാവിന്റെ പേരിലും നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടിൽ നിന്ന് മുങ്ങിയ മൂന്ന് പ്രതികളെ കണ്ടെത്താൻ നീലേശ്വരം ഇൻസ്‌പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്.
പെൺകുട്ടിയുടെ പിതാവായ അമ്പതുകാരൻ, ഞാണിക്കടവിലെ മുഹമ്മദ് റിയാസ് (20), പുഞ്ചാവിയിലെ പി പി മുഹമ്മദലി (20), ഞാണിക്കടവിലെ പതിനേഴുകാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൊവിഡ് ആശുപത്രിയിലെ സെല്ലിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ നിർബന്ധിച്ചു കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചു ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ പെൺകുട്ടിയുടെ അമ്മാമൻ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
കർണാടക സുള്ള്യ സ്വദേശിയായ മദ്രസ അദ്ധ്യാപകനാണ് പെൺകുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയായിരുന്നെന്നാണ് വിവരം. 2018 ൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന കാലം മുതൽ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെൺകുട്ടി നീലേശ്വരം പൊലീസിന് മൊഴി നൽകിയത്. വൈകിട്ടോടെ പെൺകുട്ടിയിൽ നിന്ന് ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി.
പ്രലോഭിച്ചു കൂട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിന് പുറത്തെത്തിച്ചുവരെ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്യും.