health

തിരുവനന്തപുരം: തങ്ങളുടെ കൂട്ടത്തിലുള്ളവർക്കും വ്യാപകമായി രോഗബാധ ഉണ്ടാകുന്നതോടെ

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തോളമായി വിശ്രമമില്ലാതെ കൊവിഡ് ഡ്യൂട്ടി നോക്കുന്ന ആരോഗ്യപ്രവർത്തകർ കടുത്ത ആശങ്കയിൽ. മാനസികമായി പലരും കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നത്. എത്രകാലം നീണ്ടു നിൽക്കുമെന്ന് അറിയാൻ കഴിയാത്ത മഹാമാരിയ്‌ക്കിടയിൽ ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതരായി ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി ശക്തമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച് തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കിടയിൽ സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ കൗൺസലിംഗ് ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഇനി എന്താകും,​ ​ എന്റെ കുടുംബം എന്താകും?​

നിരന്തരമായ ജോലിയും പടർന്നു പിടിക്കുന്ന രോഗവും ചില ആരോഗ്യ പ്രവർത്തകരുടെയെങ്കിലും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഇനി എന്താകും,​ എനിക്കും രോഗം വരുമോ,​ എന്റെ കുടുംബം എന്താകും, തുടങ്ങി നിരവധി ആധികളാണ് പല ആരോഗ്യ പ്രവർത്തകരും കൗൺസലിംഗിനായി വിളിക്കുന്നവരോട് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടിവന്നത് രണ്ട് പ്രളയവും നിപ്പയും കൊവിഡിനെയുമാണ്. ഇതിനിടെ എലിപ്പനിയും ചിക്കുൻഗുനിയയും രണ്ട് വർഷവും വന്നു. ഇവയൊക്കെ കടുത്ത ജോലിഭാരത്തിന് ഒപ്പം തന്നെ ആരോഗ്യപ്രവർത്തകരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്‌തു.

മാനസിക വിഷമത്തിന് ഇടയാക്കുന്ന കാരണങ്ങൾ

 തങ്ങൾ കാരണം കുടുംബത്തിലും ബന്ധുക്കൾക്കും കൊവിഡ് പടരുമോയെന്ന ആശങ്ക

രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുമ്പോൾ രോഗികളുടെ കഷ്ടതയും മറ്റും സ്ഥിരമായി കാണുന്നത് മനസിനെ തളർത്തും.

വളരെ വേഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കും.

ജോലി ഭാരവും സമയവും കൂടുന്നത് ആരോഗ്യ പ്രവ‌ർത്തകരെ തളർത്തും.

രോഗത്തിന് കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതും വലിയ മരണനിരക്കും മാനസിക ബുദ്ധിമുട്ടുകൾ കൂട്ടും.

പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് സമൂഹം വച്ചു പുലർത്തുന്ന വേർതിരിവ് മനസിനെ തളർത്താനുള്ള സാദ്ധ്യത കൂട്ടുന്നു.

മാനസിക സമ്മർദ്ദം കൂടാൻ സാദ്ധ്യതയുള്ളവർ

തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ.

കൂടെക്കൂടെ മരണങ്ങൾ കാണുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നവർ.

വ്യക്തിപരമായി മുമ്പും മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആരോഗ്യപ്രവ‌ർത്തകർ

കുടുംബ-സാമൂഹിക പിന്തുണ കുറഞ്ഞവർ

മാനസിക സമ്മർദ്ദം നേരിടുന്നവരുടെ ലക്ഷണങ്ങൾ

വിഷാദം

അമിതമായ ഉത്കണ്‌ഠ

ഉറക്കക്കുറവ്

വിശപ്പ് ഇല്ലായ്മ

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ

മരണത്തെ കുറിച്ചുള്ള ചിന്തകൾ.

 ഇനി ഒന്നിനും വയ്യെന്ന തുടർച്ചയായുള്ള തോന്നൽ

മറികടക്കാൻ വി‌ദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങൾ

 ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അവരുടെ കുടുംബത്തെ അറിയിക്കണം.

 വീട്ടിൽ പോകാൻ കഴിയാത്തവർക്ക് അവരുടെ ബന്ധുക്കളോട് സംസാരിക്കാൻ മീഡിയ സംവിധാനം ആശുപത്രികളിൽ സജ്ജീകരിക്കണം.

 ആരോഗ്യപ്രവർത്തകർക്ക് പരസ്‌പരം സംസാരിക്കാനും വിനോദത്തിനുമുള്ള ഉപാധി ആശുപത്രികളിൽ ഒരുക്കണം.

 റിലാക്‌സേഷൻ പരിശീലനങ്ങളായ ബ്രീത്തിംഗ്,​ പ്രോഗ്രസീവ് മസിൽ റിലാക്‌സേഷൻ,​ ഗൈഡ് ഇമേജറി തുടങ്ങിയവ പരിശീലിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് മൊബൈൽ ആപ്പ് സേവനങ്ങൾ ലഭ്യമാണ്.

35,​000 പേരെ വിളിച്ചു,​ ഇനിയും വിളിക്കും

സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെ തേടിയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫോൺ കോളുകൾ എത്തുന്നുണ്ട്. ഇതിനുള്ള സംവിധാനം സംസ്ഥാന സർക്കാർ ഒരുക്കി. ജില്ലാ അടിസ്ഥാനത്തിൽ ഓരോ ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചാണ് ഫോൺ വിളിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഏകദേശം 35,​000 ആരോഗ്യപ്രവർത്തകരെ വിളിച്ച് ക്ഷേമാന്വേഷണം നടത്തികഴിഞ്ഞു.

വിളിച്ചവരെയെല്ലാം വീണ്ടും വിളിക്കാനുള്ള ക്രമീകരണങ്ങൾ ഏർ‌പ്പാടാക്കിയിട്ടുണ്ട്. സ്‌ട്രെസ് റിലീഫ് ഫോമുകൾ ഓൺലൈനായി ആരോഗ്യപ്രവർത്തകർക്ക് നൽകാനുള്ള സംവിധാനവും സർക്കാർ തലത്തിൽ ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ തലത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലും മോട്ടിവേഷൻ ക്ലാസുകൾ നടത്താനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

''

ആരോഗ്യപ്രവർത്തകരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ജൂനിയേഴ്സ് ഉൾപ്പെടെ ഇതുവരെ ഡ്യൂട്ടി നോക്കാത്ത എല്ലാവർക്കും ഡ്യൂട്ടി ഷിഫ്റ്റുകൾ തയ്യാറാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവരെ മാറ്റി താത്കാലിക വിശ്രമം ഒരുക്കും. നോൺ കൊവിഡ് ഡ്യൂട്ടി നോക്കുന്നവർക്കും കൊവിഡ് ഡ്യൂട്ടി നൽകും.

ഡോ.അമർ ഫെറ്റൽ,

കൊവിഡ്,​ സ്റ്റേറ്റ് നോഡൽ ഓഫീസർ

''

ആശുപത്രികളിൽ ഒ.പിയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് കൂടുതൽ ആശങ്കയുള്ളത്. ദിവസവും നൂറ് മുതൽ നൂറ്റി അമ്പത് വരെ രോഗികൾ ഓരോ ആശുപത്രികളിലും പനി കാരണം ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്,. ഇവരിൽ ആർക്കാണ് കൊവിഡ് എന്ന ആശങ്കയാണ് ഒട്ടുമിക്ക ആരോഗ്യപ്രവർത്തകർക്കുമുള്ളത്. അതേസമയം കൊവിഡ് കേന്ദ്രങ്ങളിൽ ഉള്ളവർ കൊവിഡ് രോഗികളാണെന്ന കൃത്യമായ ബോധം ആരോഗ്യപ്രവർത്തകർക്കുണ്ട്. അവർക്ക് പി.പി.ഇ കിറ്റുമുണ്ട്. എന്നാൽ പി.പി.ഇ കിറ്റൊന്നും ധരിച്ച് ഒ.പിയിൽ ഇരിക്കാൻ പറ്റില്ല. ഒ.പിയിലെ ഡോക്‌ടർമാർ ദിവസവും വീട്ടിൽ പോയി വരുന്നവരാണ്. ഇതെല്ലാം വലിയ ആശങ്കയാണ് അവർക്ക് സൃഷ്ടിക്കുന്നത്.

ഡോ.കിരൺ പി.എസ്

ഡിസ്‌ട്രിക്ട്‌ മെന്റൽ ഹെൽത്ത് പ്രോഗ്രാം,​ സ്റ്റേറ്റ് നോഡൽ ഓഫീസർ

ആ പഠനം പറയുന്നത്

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലും അതിനു ചുറ്റുമുള്ള ആശുപത്രികളിലേയും ആരോഗ്യപ്രവർത്തകരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിന്റെ ഫലങ്ങൾ കാണിക്കുന്നത് ആരോഗ്യപ്രവർത്തകർ കടുത്ത മാനസിക സംഘർഷം നേരിടുന്നുവെന്നാണ്. 1257 ആരോഗ്യപ്രവർത്തകരുടെ ഇടയിൽ നടത്തിയ പഠനത്തിൽ ഏകദേശം 71 ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് കണ്ടെത്തിയത്. അതിൽ 50 ശതമാനം ആളുകൾ വിഷാദ ലക്ഷണവും 44 ശതമാനം ആളുകൾ ഉത്‌കണ്‌ഠയും 34 ശതമാനം ആളുകൾ ഉറക്കക്കുറവും നേരിടുന്നവരാണ്. ഈ പഠനങ്ങൾ സംസ്ഥാനം സ്വീകരിക്കേണ്ട മുൻകരുതലുകൾ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.