china

ന്യൂഡൽഹി: ലഡാക്കിൽ അതിക്രമിച്ചുകയറിയ ചൈന ഇന്ത്യക്കെതിരെ മാത്രമല്ല മറ്റു അയൽരാജ്യങ്ങളുമായും അതിർത്തി പ്രശ്നത്തിൽ കൊമ്പുകോർക്കുന്നത് പതിവാണ്. കിഴക്കൻ ചൈനാക്കടലിലെ സെന്‍കാക്കു ദ്വീപുകള്‍ക്ക് സമീപത്ത്കൂടെ മത്സ്യബന്ധന ബോട്ടുകള്‍ നീങ്ങുന്നതായി ചൈന ജപ്പാനോട് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഇഷിഗാക്കി നഗരസഭ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. തെക്കന്‍ ജപ്പാന്‍ പ്രദേശത്തിന്റെ പേര് ടോണോഷിറോയില്‍ നിന്ന് ടോണോഷിരോ സെന്‍കാക്കു എന്നാക്കി മാറ്റുന്നതിനായി ആണ് ഇഷിഗാക്കി നഗരസഭ പ്രമേയം പാസാക്കിയത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ചൈന തങ്ങളുടെ പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കിഴക്കന്‍ ചൈനാ കടലില്‍, ജനവാസമില്ലാത്ത അഞ്ച് ദ്വീപുകളും 7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മൂന്ന് തരിശായ പാറകളും ഉള്‍പ്പെടുന്ന ദ്വീപസമൂഹത്തിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നതിനാണ് ചൈന ഈ അതിര്‍ത്തി രൂപകല്‍പ്പന ചെയ്തത്. ചൈനീസ് മെയിന്‍ ലാന്റിന് കിഴക്ക് ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ജാപ്പനീസ് സൈന്യത്തിന്റെ സാന്നിധ്യം മാത്രമായിരുന്നില്ല മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം കൂടിയാണ് ചൈന എതിർത്തത്.

ചൈന അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആദ്യം പറഞ്ഞത് അമേരിക്കയാണ്.

ദക്ഷിണ ചൈനാക്കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ യു.എസ് പൂര്‍ണമായും തള്ളിയിരുന്നു. മേഖലയില്‍ ചൈന അവകാശം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. നീണ്ട കാലമായി തര്‍ക്കത്തിലുള്ള സമുദ്ര മേഖലയുടെ അവകാശം സംബന്ധിച്ച് അടുത്ത വര്‍ഷങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ തര്‍ക്കം രൂക്ഷമായത്.

ദക്ഷിണ ചൈനാക്കടലിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ദ്വീപുകളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച ചൈന ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണ ചൈനാക്കടലിന്റെ സിംഹഭാഗത്തിന്റെയും അവകാശം തങ്ങള്‍ക്കാണെന്നാണ് വ്യക്തമാക്കുന്നത്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണെങ്കിലും ഇതിനു ചുറ്റും ധാരാളം മത്സ്യസമ്പത്തുണ്ടെന്നതും അന്താരാഷ്ട്ര സമുദ്രപാതകള്‍ കടന്നുപോകുന്നുണ്ടെന്നതുമാണ് ദക്ഷിണ ചൈനാക്കടലില്‍ നോട്ടമിടാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. അയൽരാജ്യങ്ങളുമായി ചൈന എന്നും തർക്കത്തിൽ തന്നെയാണ്.

ഇന്ത്യന്‍,ചൈനീസ് ഉദ്യോഗസ്ഥര്‍, യഥാര്‍ത്ഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള പരസ്പര ധാരണകള്‍ മനസ്സിലാക്കുന്നതിനായി 2002 ജൂണ്‍ 17 ന് ഇരുരാജ്യങ്ങളുടെയും വിദഗ്ധ സംഘത്തിന്റെ യോഗത്തില്‍ പടിഞ്ഞാറന്‍ മേഖലയുടെ ഭൂപടങ്ങള്‍ നിര്‍മ്മിച്ചു.എന്നാൽ ചൈനയുടെ മാപ്പുകള്‍ കൈമാറാന്‍ ചൈനീസ് പക്ഷം വിസമ്മതിച്ചു.