ന്യൂഡൽഹി: കൊവിഡ് പ്രതിദിന വർദ്ധനയിൽ ലോകത്ത് രണ്ടാമതായി ഇന്ത്യ. കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനയിൽ രണ്ടാമതായിരുന്ന ബ്രസീലിനെ പിൻതളളിയാണ് ഇന്ത്യ മുന്നിലെത്തിയത്. മുപ്പതിനായിരത്തിൽ താഴെയാണ് ബ്രസീലിലെ പ്രതിദിന കൊവിഡ് വർദ്ധനവ്. കഴിഞ്ഞ ദിവസം രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇന്ത്യയിൽ നാല്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 60 ശതമാനത്തിന് മുകളിലാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
ഓഗസ്റ്റ് പകുതിയോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്.മൂന്ന് ദിവസത്തിനുളളിൽ ഒരു ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.രണ്ടോ മുന്നോ ദിവസത്തിനകം പ്രതിദിന വർദ്ധന അമ്പതിനായിരം കടന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ഇന്ത്യ നിർമിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. 375 സന്നദ്ധപ്രവർത്തകരിൽ 100 പേരിലെ പരീക്ഷണമാകും എയിംസിൽ നടക്കുക. കൊവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാണ് ഐ.സി.എം.ആറിൻറെ ശ്രമം. പാറ്റ്ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും പരീക്ഷണം നേരത്തെ തുടങ്ങിയിരുന്നു. രാജ്യത്തെ 12 ഇൻസ്റ്റിറ്റ്യൂട്ടുകളിലായാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.