covid-

തിരുവനന്തപുരം :രാജ്യത്താദ്യമായി കൊവിഡ് സമൂഹ വ്യാപനം സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം ഇന്നലെ 13,000 കടന്നു. സമ്പർക്കത്തിലൂടെ പകരുന്നവർക്കും, ഉറവിടമറിയാത്തവർക്കും പുറമേ ആരോഗ്യപ്രവർത്തകരും കൂടുതലായി രോഗബാധിതരാകുന്നത് ആശങ്ക ഉയർത്തി. ഇതു നിയന്ത്രിക്കാനായില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സംവിധാനവും അവതാളത്തിലാവും.

കഴിഞ്ഞ ഒരാഴ്ചക്കിടെ കൊവിഡ് ബാധിതരായ 5401 പേരിൽ 3497 പേരും സമ്പർക്ക രോഗികളാണ്. 260 പേരുടെ ഉറവിടം വ്യക്തമല്ലെന്നത് പൂന്തുറയ്ക്കും പുല്ലുവിളയ്ക്കും പുറമേ സംസ്ഥാനത്തെ മറ്റ് ചില പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലും രോഗബാധ കുതിക്കുകയാണ്.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 794ൽ 519 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേർക്കും, കൊല്ലത്തെ 71 പേർക്കും, എറണാകുളത്ത് 59 പേർക്കും കോഴിക്കോട്ട് 44 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് വന്നത്.

സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 37 ആരോഗ്യപ്രവർത്തകർ കൊവിഡ് രോഗികളായി. ഇവർക്കൊപ്പം ജോലി നോക്കിയ 400ലേറെ പേർ നിരീക്ഷണത്തിലാണ്. എറണാകുളത്ത് 17, മലപ്പുറം 9, കൊല്ലം 8, ഇടുക്കി 6, കോട്ടയം 5, ആലപ്പുഴ, കാസർകോട് 4 വീതം, കോഴിക്കോട്, പത്തനംതിട്ട 3 വീതം ആരോഗ്യപ്രവർത്തകരും രോഗബാധിതരാണ്.

2062

തിരുവനന്തപുരം ജില്ലയിൽ രോഗ ബാധിതൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ

87

സമൂഹവ്യാപന മുന്നറിയിപ്പ് നൽകി ക്ലസ്റ്ററുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. 17വരെയുള്ള കണക്കനുസരിച്ച് 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉൾപ്പെടെ മൊത്തം 87.

വീടുകളിലും പാർപ്പിക്കും

രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന കണക്കിലെടുത്ത്, രോഗ ലക്ഷണമില്ലാത്തവരെ വീടുകളിൽ പാർപ്പിച്ച് നിരീക്ഷിക്കേണ്ടി വരും. മറ്റു സംസ്ഥാനങ്ങൾ പിന്തുടരുന്ന ഈ രീതി ദിവസങ്ങൾക്കുള്ളിൽ കേരളത്തിലും വേണ്ടിവരുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ മാറ്റുന്നവർക്ക് മറ്റു രോഗങ്ങളില്ലെന്ന് ഉറപ്പാക്കും.

നിലവിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് ലക്ഷണങ്ങളില്ലാത്തവരെ പാർപ്പിക്കുന്നത്. രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകി അവരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. മറ്റു രോഗങ്ങളും കൊവിഡ് ലക്ഷണങ്ങളുമുള്ളവരെയും ഗുരുതരാവസ്ഥയിലുള്ളവരെയും ആശുപത്രിയിലെത്തിക്കും.

വെല്ലുവിളികൾ

ഏറുന്നു

സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികൾ ആറായിരം കവിഞ്ഞപ്പോൾ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഉയർന്നിരുന്നു. ഇപ്പോൾ രോഗികൾ അതിലും ഇരട്ടിയായി. വെല്ലുവിളികൾ അനുദിനം ഏറുന്നു.