india

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ 'കൊവാക്സി'ന്റെ പരീക്ഷണം ഇന്നുമുതൽ ആരംഭിക്കുന്നു. ഡൽഹി എയിംസ് ആശുപത്രി ഉൾപ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് വൈറോളജിയും ഒത്തുചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.

ഡൽഹി എയിംസിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം പാറ്റ്നയിലെ എയിംസും റോത്തക്കിലെ പി.ജി.എയും മനുഷ്യരിൽ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. പരീക്ഷണത്തിന് തയ്യാറായി വന്നവരിൽ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്‌സിനും മറ്റ് ചിലര്‍ക്ക് പ്ലാസിബോയുമാണ്(മരുന്നെന്ന പേരില്‍ നൽകുന്ന പദാർത്ഥം)നല്‍കിയത്.

ഇങ്ങനെ വാക്സിൻ നൽകുമ്പോൾ ശരിക്കുള്ള വാക്സിൻ ആർക്കാണ് നൽകിയതെന്ന് ഗവേഷകര്‍ക്കും വോളന്റിയേഴ്‌സിനും അറിവുണ്ടാകില്ല. ഇതിന് ഡബിൾ ബ്ലൈൻഡ് ട്രയൽ എന്നാണ് പറയുക. 375 പേരെ ഉൾപ്പെടുത്തി നടത്തുന്ന പരീക്ഷണത്തിൽ ഏകദേശം നൂറു പേരുടെ പരീക്ഷണം ഡൽഹി എയിംസിലാകും നടക്കുക.

മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം വാക്സിൻ ജനങ്ങൾക്കായി വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു..

ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയും ഇതിനായുള്ള അനുമതി നൽകിയിരുന്നു. കൊവിഡ് രോഗം വരുത്തുന്ന സാർസ് കോവ്-2 വൈറസിൽ നിന്നും വേർതിരിച്ചെടുത്ത ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. വാക്സിൻ നൽകിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ശക്തമാക്കുമെന്നും അതുവഴി രോഗത്തെ പ്രതിരോധിക്കാൻ ആകുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

അതേസമയം, ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സർവകലാശാലയിലെ ശാസ്ത്രജ്ഞനായ പെഡ്രോ ഫോലെഗെറ്റിയും സംഘവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

വാക്സിൻ നൽകിയവരിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. കുരങ്ങുവർഗമായ ചിമ്പാൻസികളിൽ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിർവീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞർ വാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്.നിർവീര്യമാക്കപ്പെട്ടതിനാൽ ഇത് മനുഷ്യരിൽ രോഗമുണ്ടാക്കില്ല.