ടോക്കിയോ: യു.എ.ഇയുടെ ആദ്യ ചൊവ്വാ പര്യവേഷണ പേടകമായ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ തനെഗാഷിമയിൽ നിന്ന് യു.എ.ഇ സമയം പുലർച്ചെ 1.54നായിരുന്നു വിജയക്കുതിപ്പിന് തുടക്കം. മണിക്കൂറിൽ 1,21,000 കിലോമീറ്റർ ശരാശരി വേഗതയിലാണ് കുതിപ്പ്. 200 ദശലക്ഷം ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. ചരിത്രത്തിലാദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗൺ നടത്തുന്നതിനും ലോകം സാക്ഷിയായി. ബുധനാഴ്ച പുലർച്ചെ 12.21ന് വിക്ഷേപിക്കേണ്ടിയിരുന്ന ഹോപ്പ് പ്രോബ് തനെഗാഷിമ ഐലൻഡിലെ പ്രതികൂല കാലാവസ്ഥയാൽ നീട്ടിവയ്ക്കുകയായിരുന്നു. 2021 ഫെബ്രുവരിയിൽ ഹോപ്പ് പ്രോബ് ചൊവ്വയിലെത്തും. ദുബായിൽ നിർമിച്ച ഉപഗ്രഹം രണ്ടു മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.ഐ എച്ച്.ടു.എ റോക്കറ്റിലാണ് ഹോപ്പിന്റെ യാത്ര. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിന്റെ പ്രയാണം. ചൊവ്വയുടെ പൂർണ ചിത്രങ്ങൾ ലഭിക്കുമെന്ന സൂചനയുമുണ്ട്. ലഭ്യമാകുന്ന വിവരങ്ങൾ ലോകത്തെ 200ഓളം സ്പേസ് സെന്ററുകളുമായി പങ്കുവയ്ക്കും. ആറ് വർഷം മുൻപ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് ഹോപ്പിന്റെ വരവറിയിച്ച് പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത വർഷം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ സ്ഥാപിച്ചു. ഇവിടെയായിരുന്നു ഹോപ്പിന്റെ നിർമാണം. 55 ലക്ഷം മണിക്കൂറിൽ 450ഓളം ജീവനക്കാരാണ് ഇതിനായി പ്രവർത്തിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും വനിതകളായിരുന്നു. പ്രധാന ലക്ഷ്യങ്ങൾ: ♦ ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കും ♦ കാലാവസ്ഥാ മാറ്റങ്ങളും അവയുടെ കാരണങ്ങളും നിരീക്ഷിക്കും ♦ ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കും ♦പൊടിക്കാറ്റ്, വിവിധ ഭാഗങ്ങളിലെ കാലാവസ്ഥാ വ്യതിയാനം എന്നിവ നിരീക്ഷിക്കും ♦ ഹൈഡ്രജൻ, ഓക്സിജൻ എന്നിവ നഷ്ടപ്പെടുന്നതിന്റെ കാരണം അന്വേഷിക്കും ♦ 2117ൽ ചൊവ്വയിൽ മനുഷ്യന് താമസ സ്ഥലം ഒരുക്കും