കഴിഞ്ഞ എട്ട് മാസമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ പിടിച്ചുകെട്ടാൻ വഴികളായ വഴികളെല്ലാം തേടുകയാണ് ലോകം. നിയന്ത്രണങ്ങളിലൂടെ പ്രതിരോധം തീർക്കാനാണ് ശ്രമമെങ്കിലും മറുമരുന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണങ്ങളാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവയിൽ ഒന്ന്. ഈ കാലയളവിൽ ഇന്ത്യയ്ക്ക് അഭിമാനമാകുംവിധത്തിൽ ഓക്സ്ഫോർഡിനൊപ്പം ലോകത്ത് ഉയർന്നുകേട്ട പേരുകളിലൊന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റേത്. അറിയാം, സെറത്തെയും അതിന്റെ അമരക്കാരെയും....
മരുന്ന് വിപ്ലവത്തിന്റെ ഉദയം
അത്യുന്നതശ്രേണിയിൽ പെട്ട കുതിരകളെ ബ്രീഡ് ചെയ്ത് വളർത്തിയെടുക്കുന്ന, പാരമ്പര്യമായി തന്നെ ഹോഴ്സ് ഫാമിംഗുള്ള കുടുംബത്തിലാണ് സൈറസ് പൂനാവാല എന്ന വ്യക്തി ജനിക്കുന്നത്. സ്വാഭാവികമായും കുടുംബത്തിന്റെ കുതിര ഫാമുകളുടെ നേതൃത്വത്തിലേയ്ക്ക് പൂനാവാല വന്നു.
പൂനാവാല കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരപന്തിയിലെ കുതിരകൾ 350 ഓളം ക്ലാസിക് ഇവന്റുകളിൽ വിജയികളായിട്ടുണ്ട്. ആ രംഗത്ത് അതൊരു ലോക റെക്കാഡാണ്. പ്രായാധിക്യം മൂലം മത്സരിക്കാൻ പറ്റാതെയായ കുതിരകളെ മുംബയിലെ ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഇവർ ദാനം ചെയ്യുമായിരുന്നു. കുതിരകളുടെ സെറത്തിൽ നിന്ന് വാക്സിൻ വികസിപ്പിച്ചെടുക്കാനായിരുന്നു അത്. ആയിടക്കാണ് 25കാരനായ സൈറസ് പൂനാവാല ഒരു വെറ്റിനറി സർജനെ പരിചയപ്പെടുന്നത്. അതൊരു വഴിത്തിരിവായി. 1966ൽ ഒമ്പതുലക്ഷം രൂപ ചെലവിട്ട്, സ്വന്തം ഫാമിനോട് ചേർന്ന് ചെറിയൊരു വാക്സിൻ നിർമാണ യൂണിറ്റ് അദ്ദേഹം സ്ഥാപിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ വാക്സിൻ വികസിപ്പിക്കുക എന്നതു തന്നെയായിരുന്നു സെറത്തിന്റെ ലക്ഷ്യം. ”1980 കളുടെ മദ്ധ്യത്തിലാണ് ഞങ്ങളുടെ കമ്പനിയുടെ ഏറ്റവും നിർണായകമായ വഴിത്തിരിവുണ്ടായത്. യു.എൻ ഏജൻസികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ അനുമതി ലഭിച്ചതാണ് അത്,” ഒരു അഭിമുഖത്തിൽ ഒരിക്കൽ പൂനാവാല പറയുന്നുണ്ട്. പിന്നീട് വളർച്ച അതിദ്രുതമായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായി. സൈറസ് പൂനാവാല ഡോ.സൈറസ് പൂനാവാല ആയി.
കോടികളുടെ അധിപതി
ഇക്കഴിഞ്ഞ മാർച്ചിൽ ഫോബ്സ് പുറത്തിറക്കിയ ടോപ് 10 റിച്ചസ്റ്റ് ഹെൽത്ത്കെയർ ബില്യണേഴ്സിന്റെ പട്ടികയിൽ ഒരേ ഒരു ഇന്ത്യക്കാരനെ ഉണ്ടായിരുന്നുള്ളൂ. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ഡോ. സൈറസ് പൂനാവാല. മാർച്ചിലെ ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഡോ. പൂനാവാലയുടെ നെറ്റ് വർത്ത് 62,000 കോടി രൂപയാണ്. പല വർഷങ്ങളിലും സെറത്തിന്റെ വളർച്ചാ നിരക്കാകട്ടെ 30-40 ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി വില്പ്പന ചർച്ചകളിലൂടെ ശ്രദ്ധേയമായ കമ്പനി കൂടിയാണ് സെറം. കമ്പനിയുടെ പത്ത് ശതമാനം ഓഹരികൾ 12 ബില്യൺ ഡോളറിനാണ് വിൽക്കാൻ പദ്ധതിയിട്ടത്. സർക്കാരിന്റെ ഒരു പിന്തുണ ഇല്ലാതെ തന്നെ, മാനം മുട്ടെ ലാഭം കൊയ്യാൻ അവസരമുണ്ടായിട്ടും, സെറം വാക്സിനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ ലോക വിപണിയിൽ വിറ്റു. 2012ൽ നഷ്ടത്തിലായ ഡച്ച് വാക്സിൻ കമ്പനിയെ ഏറ്റെടുത്തതും മറ്റൊരു നാഴികകല്ലായി. പോളിയോ വാക്സിൻ നിർമാണ രംഗത്തെ അത്യാധുനിക വിദ്യയുള്ള ആ കമ്പനിയെ വാങ്ങിയതോടെ പോളിയോ വാക്സിൻ നിർമാണരംഗത്ത് ആഗോളതലത്തിൽ മുൻനിരയിലായി.
വില തുച്ഛം, ഗുണം മെച്ചം
കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പ്ലാന്റ് തുറക്കാനായി 3000 കോടി രൂപയാണ് സെറം നിക്ഷേപിച്ചത്. 2022ൽ 100 ബില്യൺ രൂപ മൂല്യമുള്ള കമ്പനിയായി മാറുകയാണ് ലക്ഷ്യം. എല്ലാം കോടികളുടെ ഇടപാടുകളാണെങ്കിലും അഞ്ചു രൂപയോ അതിൽ താഴെയോ മാത്രമാണ് ഭൂരിഭാഗം വാക്സിനുകൾക്കും സെറം വില ഈടാക്കുന്നത്! കൊവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കാൻ 700 കോടി രൂപയാണ് സെറത്തിന്റെ നിക്ഷേപം. അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ വൻതോതിലുള്ള ഉത്പാദനമാണ് വാക്സിനുകൾ വില കുറച്ച് വിൽക്കാൻ സെറത്തെ പ്രാപ്തമാക്കുന്നത്.
ഇന്ത്യയുടെ അഭിമാനം, ലോകത്തിന്റെയും...
സെറം ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ അഭിമാനമാണ്. ലോകത്തിൽ പിറന്നുവീഴുന്ന 65 ശതമാനം കുട്ടികൾ ഒരിക്കലെങ്കിലും സെറം നിർമിക്കുന്ന വാക്സിൻ എടുക്കുന്നുണ്ട്. ലോകത്തിലെ 160 ലേറെ രാജ്യങ്ങളിലേക്ക് ഇവർ വാക്സിൻ കയറ്റുമതി ചെയ്യുന്നു. ലോക വാക്സിൻ വിപണിയുടെ 60 ശതമാനവും ഈ ഇന്ത്യൻ കമ്പനിയുടെ കൈകളിലാണ്. പോളിയോ വാക്സിൻ, ഡിഫ്തീരിയ, ടെറ്റനസ്, ബിസിജി, ഹെപ്പറ്റൈറ്റിസ് – ബി, മീസിൽസ്, മംപ്സ്, റൂബെല്ല എന്നിവയ്ക്കെല്ലാമുള്ള വാക്സിൻ വരുന്നത് സെറത്തിൽ നിന്നാണ്. ലോകമെമ്പാടുമുള്ള, അന്നത്തിന് പോലും വകയില്ലാത്ത കുട്ടികളെയും അസുഖത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് വാക്സിൻ കമ്പനി നൽകുന്നത്.
സെറം അഡാറിന്റെ
കൈകളിൽ ഭദ്രം
''ഇത് പണമുണ്ടാക്കാനുള്ള സമയമല്ല.” ഇന്ത്യൻ കോർപറേറ്റ് ലോകത്തുനിന്ന് അടുത്തിടെ കേട്ട ഏറ്റവും ആർജ്ജവവുമുള്ള വാചകം ഇതായിരുന്നു. പറഞ്ഞത്, വാക്സിൻ നിർമാണ രംഗത്തെ ആഗോള വമ്പനായ ഇന്ത്യൻ കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാല!. ഡോ. സൈറസ് പൂനാവാലയുടെ മകനാണ് അഡാർ. കൊവിഡ് 19നുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പ്രോജക്റ്റുമായി സഹകരിക്കുന്ന ഏഴ് രാജ്യാന്തര കമ്പനികളിൽ ഒന്നാണ് സെറം. കൊവിഡ് 19 വാക്സിൻ വിപണിയിലെത്തുമ്പോൾ അതിന് പേറ്റന്റ് എടുക്കില്ലെന്നും റോയൽറ്റി ഏർപ്പെടുത്തില്ലെന്നും അഡാർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്ത് മാത്രമല്ല, നിരവധി ആതുരസേവന, ജീവകാരുണ്യമേഖലകളിലും സജീവ സാന്നിദ്ധ്യമായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാവി ആർദ്രതയുള്ള ഒരു ഹൃദയത്തിന്റെ ഉടമയുടെ കൈകളിലാണെന്ന് നമുക്ക് ആശ്വസിക്കാം.. അഭിമാനിക്കാം..