ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടൽ ചടങ്ങിനായി വൻ സന്നാഹങ്ങൾ. നാല്പതു കിലോയുടെ വെള്ളി ഇഷ്ടിക കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിടുക. കൊവിഡ് രോഗത്തിന്റെ സാഹചര്യം മൂലമുള്ള നിയന്ത്രണങ്ങൾക്കിടയിലും ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അതോടൊപ്പം, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, നിതീഷ് കുമാര്‍, ഉദ്ധവ് താക്കറെ, അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇവരുൾപ്പെടെ 50 പ്രമുഖർ ചടങ്ങിന്റെ ഭാഗമാകുമെന്ന് റാം മന്ദിർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ജനങ്ങൾക്കായി അയോദ്ധ്യയിലാകമാനം പടുകൂറ്റൻ ഇലക്ട്രോണിക് ബോര്‍ഡുകളും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ച് ക്ഷേത്രത്തിന്റെ ഭൂമിപൂജ കർമ്മം പ്രദർശിപ്പിക്കും.
രാജ്യത്തെ ദേശീയ ടെലിവിഷനുകളും പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും. രോഗത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ക്ഷേത്ര നിർമാണ ട്രസ്റ്റ് അറിയിച്ചു. 1992 ഡിസംബർ ആറിലെ ബാബറി മസ്ജിദ് പൊളിക്കലിലേക്ക് നയിച്ച രഥയാത്രയുടെ അമരക്കാരൻ എൽ.കെ. അഡ്വാനിയും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുമെന്നാണ് വിവരം.