world-cup-post-poned

ഐ.പി.എല്ലിന് വഴിതെളിഞ്ഞു

ദുബായ് : ഏറെനാളായി കാത്തിരുന്ന ഐ.സി.സിയുടെ ആ തീരുമാനം എത്തി; ഇൗ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരുന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചു. ഇതോടെ ഇൗ സമയത്ത് ബി.സി.സി.ഐയ്ക്ക് ഐ.പി.എൽ നടത്താം.

ഇന്നലെ ഒാൺലൈനായി ചേർന്ന ഐ.സി.സി ബോർഡ് യോഗമാണ് ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ 16 ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് ഇൗ വർഷം ടൂർണമെന്റ് നടത്താൻ തങ്ങൾക്ക് കഴിയില്ലെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടും രണ്ട് മാസത്തോളമായി ഇക്കാര്യത്തിൽ തീരുമാനം നീട്ടിനീട്ടി കൊണ്ടുപോവുകയായിരുന്നു ഐ.സി.സി.ഐ.സി.സി. ലോകകപ്പ് മാറ്റിവയ്ക്കുമ്പോൾ ആ സമയത്ത് ഐ.പി.എൽ സംഘടിപ്പിക്കാനിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് വലിയ തിരിച്ചടിയായിരുന്നു ഐ.സി.സി. നിലപാട്. മുൻ പ്രസിഡന്റും ബി.സി.സി.ഐയുടെ പ്രഖ്യാപിത ശത്രുവുമായ ശശാങ്ക് മനോഹർ ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കി മാറിയതോടെയാണ് കാര്യങ്ങൾ ബി.സി.സി.ഐയുടെ വഴിക്ക് വന്നത്.

അതേസമയം ഐ.പി.എൽ ഇൗ വർഷം സെപ്തംബർ 26 മുതൽ നവംബർ എട്ടുവരെ യു.എ.ഇയിൽ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ ദീപാവലിക്കാലമായ നവംബർ 14വരെ ടൂർണമെന്റ് നീട്ടണമെന്ന് ടെലിവിഷൻ സംപ്രേഷണാവകാശം നേടിയ ചാനൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.