pic

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ കൂടിയെത്തുന്നു. റാഫേൽ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ജൂലായ് 29തോടെ ഇന്ത്യയിലെത്തുന്നത്. 'ഗെയിം ചേഞ്ചർ” വിമാനം ജൂലായ് 29 ന് ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തുമെന്നും വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ എയർ ക്രൂവും ഗ്രൗണ്ട് ക്രൂവും വിമാനത്തിൽ സമഗ്ര പരിശീലനം നടത്തി കഴിഞ്ഞു. റാഫേലിന്റെ നൂതനമായ ആയുധ സംവിധാനങ്ങളെല്ലാം പ്രവർത്തന സജ്ജമാണ്.

രണ്ട് സ്ക്വാഡ്രണുകൾ ഉൾപ്പെടുന്ന 36 ജെറ്റുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ആദ്യത്തെ സ്ക്വാഡ്രൺ അംബാലയിൽ നിന്നുകൊണ്ട് പടിഞ്ഞാറൻ മേഖലയിൽ പ്രവർത്തിക്കും, മറ്റൊന്ന് ചൈനീസ് ഭീഷണി നേരിടാൻ പശ്ചിമ ബംഗാളിലെ ഹാഷിമരയിൽ പ്രവർത്തിക്കും.പൊട്ടന്റ് മേറ്റർ, സ്കൾപ് മിസെെൽ തുടങ്ങിയ അത്യാധുനിക യുദ്ധ സംവിധാനങ്ങളാണ് റാഫേൽ യുദ്ധ വിമാനങ്ങളിൽ സജ്ജീകരിച്ചിട്ടുളളത്. ദൃശ്യ പരിധിക്കപ്പുറമുള്ള എയർ ടു എയർ മിസൈലാണ് പൊട്ടന്റ് മേറ്റർ. വിമാനത്തിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര ക്രൂയിസ് മിസൈലുകളാണ് സ്കൾപ് മിസെെലുകൾ. ഇവ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും. റാഫേലിന്റെ പ്രവർത്തനങ്ങൾ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ ഫ്രാൻസിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

2016ലാണ് ഫ്രാൻസിൽ നിന്ന് 59,000 കോടി രൂപ ചെലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.