vaccine

ലണ്ടൻ:കൊവിഡ് പ്രതിരോധത്തിന് ബ്രിട്ടനിലെ ഓക്‌സ്‌ഫോ‌ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്‌സിൻ - ChAdOx1 nCoV-19- വിജയകരമാണെന്ന് മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഫലങ്ങൾ സൂചിപ്പിക്കുന്നു. വാക്സിൻ മനുഷ്യന് സുരക്ഷിതവും പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച്കൊവിഡ് വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡിയും ടി - കോശങ്ങളും ഉൽപ്പാദിപ്പിക്കുമെന്നും തെളിഞ്ഞു. 18 മുതൽ 55 വയസുവരെയുള്ള1077 വോളന്റിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇവരിൽ 90 ശതമാനത്തിലും ഒറ്റ ഡോസിൽ തന്നെ ആന്റിബോഡിയും ടി - സെൽസ് എന്നറിയപ്പെടുന്ന പോരാളി കോശങ്ങളും ( സോൾജിയർ സെൽസ് )​ ഉൽപ്പാദിപ്പിച്ചു. പത്തു ശതമാനം പേർക്ക് രണ്ടാമത്തെ ഡോസ് നൽകേണ്ടിവന്നു. ഫലം വളരെ പ്രോത്സാഹജനകമാണെന്ന് ഗവേഷകർ പറയുന്നു. ലോകമാകെ നടക്കുന്ന കൊവിഡ് സംഹാരത്തിന്റെ പശ്ചാത്തലത്തിൽ അസാധാരണ വേഗതയിലാണ് വാക്സിൻ വികസിപ്പിച്ചത്.

ചിമ്പൻസിയിലെ പനി വൈറസ്

ചിമ്പൻസികളിൽ പനിയുണ്ടാക്കുന്ന ഒരു വൈറസിൽ ജനിതകമാറ്റം വരുത്തി കൊവിഡ് വൈറസിന് സമാനമാക്കിയാണ് വാക്സിൻ നിർമ്മിച്ചത്. ഇതിനായി കൊവിഡ് വൈറസ് മനുഷ്യകോശത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്ന സ്പൈക്ക് ( മുള്ളുകൾ പോലെയുള്ള ഭാഗം )​പ്രോട്ടീനിന്റെ ജനിതക കോഡ് ചിമ്പാൻസി വൈറസിൽ കടത്തി വിടുകയായിരുന്നു.

ആന്റിബോഡിയും ടി- കോശങ്ങളും

മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥ രണ്ട് തലത്തിലാണ് വൈറസിനെ നശിപ്പിക്കുന്നത്. ആന്റിബോഡി വഴിയും ടി - കോശങ്ങൾ വഴിയും. കൊവിഡ് സ്പൈക്ക് പ്രോട്ടീൻ അടങ്ങിയ വാക്സിൻ ഇത് രണ്ടും ഉൽപ്പാദിപ്പിക്കാൻസഹായിക്കുന്നതായി തെളിഞ്ഞു. ആന്റിബോഡി വൈറസിൽ പറ്റിപ്പിടിച്ച് അതിനെ നിർ‌വീര്യമാക്കുന്ന പ്രോട്ടീൻ ആണ്. ടി - സെൽ ഒരുതരം ശ്വേത രക്താണുവാണ്. വൈറസ് ബാധിച്ച കോശങ്ങളെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന പടയാളികളാണ് ഇവ. വാക്സിൻ കുത്തിവച്ച് 14 ദിവസമായപ്പോൾ ടി - കോശങ്ങളും 28 ദിവസമായപ്പോൾ ആന്റിബോഡിയും പരമാവധി അളവിൽ ഉൽപ്പാദിപ്പിക്കപ്പെട്ടതായി ഗവേഷണം നയിച്ച ഓക്സ്‌ഫോർഡ് പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.

പാർശ്വഫലങ്ങൾ

വാക്സിൻ സുരക്ഷിതമാണെങ്കിലും വോളന്റിയർമാർക്ക് പാർശ്വഫലങ്ങളായി പനിയും തലവേദനയും ഉണ്ടായി. അത് പാരസെറ്റമോൾ നൽകി ഭേദമാക്കാവുന്നതേ ഉള്ളൂ എന്നും ഗവേഷകർ പറഞ്ഞു.

തുടർ പരീക്ഷണം

അടുത്തഘട്ടത്തിൽ വാക്സിന്റെ സുരക്ഷിതത്വവും രോഗപ്രതിരോധവും കൂടുതൽ ഉറപ്പിക്കാൻ ബ്രിട്ടനിൽ 10,​000 പേരിലും അമേരിക്കയിൽ 30,​000 പേരിലും ദക്ഷിണാഫ്രിക്കയിൽ 2,​000 പേരിലും ബ്രസീലിൽ 5,​000 പേരിലും പരീക്ഷിക്കും

ചലഞ്ച് ട്രയൽ

ക്ലിനിക്കൽ ട്രയലിന്റെ ഏറ്റവും നിർണായക ഘട്ടം. വാക്സിൻ നൽകിയ ആളുകളിൽ കൊവിഡ് വൈറസിനെ തന്നെ കുത്തിവയ്ക്കുന്ന പരീക്ഷണമാണിത്.അതും വിജയിക്കുന്നതോടെ വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാം. ഇക്കൊല്ലം അവസാനത്തോടെ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.