അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു. വിജയ് ശേഖർ ഗുപ്ത നിർമിക്കുന്ന ചിത്രത്തിന് സൂയിസൈഡ് ഓർ മർഡർ (ആത്മഹത്യയോ കൊലപാതകമോ?) എന്നാണ് പേര് നൽകിയിരിക്കുന്നത്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായ സച്ചിൻ തിവാരിയാണ് ചിത്രത്തിൽ നായകനാവുക. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
മുംബയ്, പഞ്ചാബ് എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. ചിത്രം നടൻ സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കുമെന്നും എന്നാൽ ബയോപിക് ആയിരിക്കില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. സിനിമാപാരമ്പര്യമില്ലാതെ സിനിമ മേഖലയിലെത്തുന്നവർ അനുഭവിക്കുന്ന കഷ്ടതകളാണ് ചിത്രം തുറന്നുകാട്ടുക.ബോളിവുഡിലെ പുറം ലോകമറിയാത്ത കഥകളാകും ചിത്രത്തിലൂടെ പുറത്തു കൊണ്ട് വരികയെന്നും നിർമാതാവ് വിജയ് ശേഖർ ഗുപ്ത പറഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രിസ്തുമസോടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.