പാട്ന: ആശുപത്രിയിൽ മോർച്ചറിയില്ലെന്ന കാരണത്താൽ കൊവിഡ് രോഗികൾ ചികിത്സയിലിരിക്കുന്ന വാർഡിൽ തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്. വാർഡിൽ രോഗിയുടെ കൂടെയുളള പരിചാരകൻ പകർത്തിയ ചിത്രങ്ങൾ സമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
ഞായറാഴ്ച മുതൽ മൃതദേഹം കൊവിഡ് വാർഡിൽ രോഗികൾക്കൊപ്പം സൂക്ഷിച്ചിരിക്കുകയാണെന്നും ഏഴ് രോഗികളാണ് ഇവിടെ ചികിത്സയിലുളളതെന്നും പരിചാരകൻ പറയുന്നു. സംഭവം വാർത്തയായതോടെ കേന്ദ്ര സംഘമെത്തി ആശുപത്രിയിൽ പരിശോധന നടത്തുകയും കർശന നടപടി സ്വീകരിക്കാൻ ബീഹാർ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.തന്റെ അമ്മ ഒരാഴ്ചയായി കൊവിഡ് ചികിത്സയിലാണെന്നും മൃതദേഹം അടുത്തു കിടക്കുന്നതിനാൽ കഴിഞ്ഞ ദിവസം മുതൽ അമ്മ ഭക്ഷണം കഴിക്കുന്നില്ലെന്നും ഷത്രുഗൻ എന്ന യുവാവ് പറയുന്നു. മൃതദേഹം സാധാരണ തുണികൊണ്ട് മാത്രമാണ് മൂടിയിട്ടുളളതെന്നും ഇതിനാൽ തന്നെ രോഗികൾ ആശങ്കയിലാണെന്നും ഇവർ പറയുന്നു. മൃതദേഹം മാറ്റണമെന്ന് ആശുപത്രി ആധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
മറ്റോരു വാർഡിലും ഞായറാഴ്ച മുതൽ മൃതദേഹം സൂക്ഷിച്ചിരുന്നതായി മറ്റൊരു രോഗിയുടെ പരിചാരകയായ സൗരഭ് ഗുപ്ത ആരോപിച്ചു. ഞായയറാഴ്ച മുതൽ രോഗികളെ പരിചരിക്കാൻ ഡോക്ടർമാർ വാർഡുകളിലെത്തുന്നില്ലെന്നും പകരം രോഗിയെ പാട്ന എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതർ പറയുന്നതെന്നും ഇയാൾ പറയുന്നു. എൻ.എം.സി.എച്ച് പ്രിൻസിപ്പൽ ഡോ ഹിരാലാൽ മഹ്തോ ഈ ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ മൃതദേഹങ്ങൾ ഉടൻ തന്നെ പ്ലാസ്റ്റിക് ബോഡി ബാഗുകളിൽ സൂക്ഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം “മൃതദേഹം ലീക്ക് പ്രൂഫ് പ്ലാസ്റ്റിക് ബോഡി ബാഗിൽ“ സൂക്ഷിക്കണം. ബോഡി ബാഗിന്റെ പുറം ഭാഗം ഒരു ശതമാനം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുംമ്പോൾ ആശുപത്രിയിൽ മോർച്ചറിയില്ലത്തത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുകയാണ്.