swapna-suresh

തിരുവനന്തപുരം: സ്വ‌ർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് രണ്ടിടത്തായെന്ന് റിപ്പോർട്ട്. തുറവൂരിലെ ഹോംസ്റ്റേയിലും കൊച്ചിയിലെ റിസോർട്ടിലുമാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. സ്വപ്നക്കും കുടുംബത്തിനും, സന്ദീപിനും മൂന്ന് ദിവസം ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് തുറവൂർ സ്വദേശിയാണ്. സ്വപ്ന ബംഗളൂരുവിൽ എത്തിയതും തുറവൂർ സ്വദേശിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോ‌ർട്ടുകൾ. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റംസും എൻ ഐ എയും നീക്കം തുടങ്ങി.

അതേസമയം സ്വപ്നയെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തിലെ ഉന്നത ബന്ധത്തെക്കുറിച്ച് ലഭിച്ച നിർണായക വിവരങ്ങൾ എൻ.ഐ.എ ഇന്ന് കോടതിയിൽ സമർപ്പിക്കും. മുദ്രവച്ച കവറിൽ കൈമാറാനാണ് സാദ്ധ്യത. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരും.