gold-smuggling-case

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷണം നടത്തും. സ്വർണക്കടത്തിന് പിന്നിൽ ഹവാല സംഘമെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല.

എൻ.ഐ.എയുടെ എഫ്.ഐ.ആറിൽ പറയുന്നത് കേരളത്തിലെ സ്വർണക്കടത്തിന്റെ പിന്നിൽ തീവ്രവാദസംഘടനകളെന്നാണ്. സ്വർണക്കടത്തിലൂെടയുള്ള സാമ്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും പറയുന്നു. ഇതിന്റെ സൂചനകൾ ഒരു വർഷം മുമ്പ് തന്നെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിലുമുണ്ടായിരുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ സമാന്തര സാമ്പത്തിക ശക്തിയായി സ്വർണക്കടത്ത് മാഫിയ വളർന്നു. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നിൽ. കോഴിക്കോട്ടെ കൊടുവള്ളി ഇതിന്റെ ഹബായി മാറി. പിടിക്കപ്പെടാതിരിക്കാൻ സ്ത്രീകളെ ഉൾപ്പെടെ ഇവർ ഉപയോഗിക്കുന്നുവെന്നതായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.

പ്രസ്‌തുത റിപ്പോർട്ടിന്റെയും എൻ.ഐ.എയുടെ എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം നടക്കുക. നിലവിലെ സ്വർണക്കടത്തുമായി നേരിട്ട് ബന്ധപ്പെട്ടല്ല അന്വേഷണം. പകരം ഒട്ടേറെ കേസുകളിൽ പ്രതികളായിട്ടുള്ളവരെ കേന്ദ്രീകരിച്ചുളള പ്രാഥമിക പരിശോധനയാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് നടത്തുന്നത്. അതേസമയം യു.എ.ഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ പൊലീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും.