n95

ന്യൂഡൽഹി: വാൽവുളള എൻ 95 മാസ്കുകൾ കൊവിഡിനെ ഫലപ്രഥമായി തടയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.അതിനാൽ തുണികൊണ്ടുളള മാസ്കുകൾ ഉപയോഗിച്ചാൽ മതിയെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ ആരോഗ്യമന്ത്രാലയം പറയുന്നു. മാസ്കുകൾ നിർബന്ധമാണെന്നും വീടുകളിൽ നിർമ്മിച്ച മാസ്കുകൾ ഉൾപ്പെടെ ഉപയോഗിക്കാമെന്നുമാണ് മാർഗ നിർദ്ദേശത്തിൽ പറയുന്നത്.

വാൽവുളള എൻ 95 മാസ്കുകൾ വൈറസ് മറ്റുളളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഇടയാക്കുന്നു എന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്. വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് ഉ‌ളളിലെത്തുമെങ്കിലും പുറന്തളളുന്ന വായു അപകടകരമാകാം. ഉപയോഗിക്കുന്നയാൾ കൊവിഡ് ബാധിതനെങ്കിൽ പുറത്തേക്കുവിടുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറത്തേക്കുവിടുന്ന വായു ശുദ്ധീകരിക്കാൻ ‌ഈ വാൽവുകൾക്ക് കഴിയില്ല. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുളളവർ വാൽവുളള എൻ 95 മാസ്കുകളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണ മാസ്കുകളെക്കാൾ വിലയും കൂടുതലാണ്. പല മെഡിക്കൽസ്റ്റോറുകളിലും ഇത്തരം മാസ്കുകൾ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.

മൂക്കും വായും ശരിയായി മൂടുന്ന തരത്തിൽ കോട്ടൺ തുണികൊണ്ട് വീട്ടിലുണ്ടാക്കിയതുൾപ്പെടെയുളള മാസ്കുകൾ ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. മാസ്കുകൾ വൃത്തിയാക്കുന്നതിനായി ഉപ്പുചേർത്ത ചൂടുവെളളത്തിൽ അഞ്ചുമിനിട്ടോളം മുക്കിവയ്ക്കണം. അതിനുശേഷം കഴുകി നന്നായി ഉണക്കിയശേഷം വീണ്ടും ഉപയോഗിക്കാം. എല്ലാ ദിവസവും മാസ്കുകൾ വൃത്തിയാക്കണം.ഒരു ദിവസം ഉപയോഗിച്ചത് വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കരുത്. മാസ്കുകളുടെ ഗുണനിലവാരവും അവയുടെ നിറവും തമ്മിൽ ഒരു ബന്ധവുമില്ല. തുമ്മലോ ചുമയോ മൂലം മാസ്കുകൾ നനഞ്ഞാൽ അത് വീണ്ടും ഉപയോഗിക്കരുത്. അതുപോലെ നനഞ്ഞ മാസ്കുകൾ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഒരാൾ ഉപയോഗിച്ച മാസ്കുകൾ ഒരിക്കലും മറ്റുളളവർക്ക് ഉപയോഗിക്കാൻ നൽകുകയും അരുത്. കു‌ടുംബത്തിലെ എല്ലാവർക്കും വെവ്വേറെ മാസ്കുകൾ കരുതണം.