കൊച്ചി: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തുമായി എൻ.ഐ.എ സംഘം അൽപ്പസമയത്തിനകം തിരുവനന്തപുരത്തേക്കെത്തും. തെളിവെടുപ്പിനായാണ് സരിത്തിനെ തലസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നത്. കൊച്ചിയിൽ നിന്ന് പുലർച്ചയോടെ സംഘം പുറപ്പെട്ടു. നേരത്തെ സ്വപ്‌നയേയും സന്ദീപ് നായരേയും തിരുവനന്തപുരത്തേക്ക് എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും, സന്ദീപിന്റെയും എൻ.ഐ.എ യുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. രണ്ട് പ്രതികളെയും അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യൽ കഴിഞ്ഞതിനാൽ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല.
എന്നാൽ ഈ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് ഇന്ന് എൻ.ഐ.എ കോടതിയെ സമീപിച്ചേക്കും. കേസിൽ റിമാൻഡിലായ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ ഇന്ന് സമീപിക്കും. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇക്കാര്യത്തിൽ തീരുമാനം ഇന്ന് തന്നെയുണ്ടാകും. കേസിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന ഹൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല