covid19

ന്യൂഡൽഹി: ലൈസൻസ് കിട്ടിയാലുടൻ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് യു.കെയിലെ ഗവേഷകരുമായി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനി അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിന് മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്.

പരീക്ഷണം നടത്തിയവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയൽ ഫലങ്ങൾ പറയുന്നു. വാക്സിൻ ചെറിയ പാർശ്വഫലങ്ങൾക്ക് കാരണമായെങ്കിലും, പാരസെറ്റമോൾ കഴിക്കുന്നതിലൂടെ ഇവയിൽ ചിലത് കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു.

'പരീക്ഷണങ്ങൾക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. അതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്'-ഓക്സ്‌ഫോർഡ് ഗവേഷകരുമായി പങ്കാളിത്തമുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദർ പൂനവല്ല പറഞ്ഞു. 'ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ ഇന്ത്യൻ റെഗുലേറ്ററിന് ലൈസൻസർ ട്രയലുകൾക്കായി അപേക്ഷിക്കും. അവർ അനുമതി നൽകിയാലുടൻ, ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കും. കൂടാതെ, ഉടൻ തന്നെ വാക്സിൻ വലിയ തോതിൽ ഉൽപ്പാദിപ്പിക്കാൻ ആരംഭിക്കും'അദ്ദേഹം കൂട്ടിച്ചേർത്തു.