ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് കേരളവുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തലശേരി കലാപ സമയത്തും ഡോവൽ കേരളത്തിലെത്തി കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. തലശേരിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഡോവൽ സന്ദര്‍ശനം നടത്തി. സദാസമയവും ഡോവലും പൊലീസ് സംഘവും തലശേരിക്കു കാവലായി.
തലശ്ശേരി ലഹള ഉണ്ടായപ്പോൾ ആഭ്യന്തര മന്ത്രി കെ.കരുണാകരന്റെ നിർദ്ദേശ പ്രകാരം അവിടെ പോയി. ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ അജിത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്കു പോയിരുന്നു. -കേരള കൗമുദി പത്രത്തിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
"ഇന്ത്യ മുഴുവൻ തരംഗമായ 'ഉറി ദി സർജിക്കൽ സ്ട്രൈക്കിന്റെ ' സംവിധായകൻ ആദിത്യ ധറിനെ കഴിഞ്ഞ ഗോവ ചലച്ചിത്രോത്സവത്തിൽ കണ്ടപ്പോൾ ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ച് വാചാലനായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായി ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് അർത്ഥഗർഭമായ ചിരിയോടെ ' നോ കമന്റ്സ് ' എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ചിത്രത്തിൽ പരേഷ് റാവൽ അവതരിപ്പിച്ച ' സുരക്ഷാ ഉപദേഷ്ടാവ് ഗോവിന്ദ് ഭരദ്വാജ് 'എന്ന കഥാപാത്രം ഡോവലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
അജിത്കുമാർ ഡോവൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്രമല്ല. ഇന്ന് ഇന്ത്യയിലെ ഭരണ സിരാകേന്ദ്രത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും വിശ്വസ്ഥൻ. ഇരുവർക്കും ഒരുപോലെ പ്രിയങ്കരൻ. ഇന്ത്യയുടെ 007, ജെയിംസ് ബോണ്ട്. 1968 ലെ കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഡോവൽ ഇന്ത്യകണ്ട ഏറ്റവും മികച്ച സ്പൈയ്യും ഇന്റലിജൻസ് ഓപ്പറേഷനുകളുടെ സൂത്രധാരകനുമാണ്. ഇപ്പോൾ ചൈനയുമായുള്ള നയതന്ത്ര ചർച്ചകളിലൂടെ ഡോവൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ദേശീയ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിലൂടെ ഈയിടെ ഡൽഹി കലാപത്തീയിൽ അമർന്നപ്പോൾ അതിനിരയായവരെ കാണാൻ അമിത്ഷായുടെ നിർദ്ദേശ പ്രകാരം ഡോവൽ പോയിരുന്നു. കലാപത്തിനിരയായവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായിരുന്നു അത്. " ഞങ്ങൾ മൂന്നു പേരായിരുന്നു 1968 ബാച്ചിൽ കേരള കേഡറിലെത്തിയത്. ഞാനും അജിതും തപേശ്വർ ശർമ്മയും."-ബാച്ച് മേറ്റായ അജിത് കുമാർ ഡോവലിനെക്കുറിച്ച് കേരളത്തിലെ മുൻ ഡി.ജി.പി.യും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ ( റാ) മുൻ മേധാവിയുമായ ഹോർമീസ് തരകൻ പറഞ്ഞു." അജിത് അന്നേ മിടുക്കനാണ്. ഏത് കാര്യത്തിനും വലിയ ആവേശവും ചുറുചുറുക്കും അജിതിന്റെ പ്രത്യേകതയായിരുന്നു. കേരളത്തിൽ അജിത്തിന്റെ ആദ്യ പോസ്റ്റിംഗ് കോട്ടയം എ.എസ്.പിയായിട്ടായിരുന്നു.
തലശ്ശേരി ലഹള ഉണ്ടായപ്പോൾ ആഭ്യന്തര മന്ത്രി കെ.കരുണാകരന്റെ നിർദ്ദേശ പ്രകാരം അവിടെ പോയി. ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ അജിത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്കു പോയി. സിവിൽ സർവ്വീസ് പരീക്ഷയിൽ മുന്നിൽ വരുന്ന പത്തുപേരെ ഐ.ബിയിലേക്ക് നേരിട്ടെടുക്കാറുണ്ട്. അങ്ങനെ അജിത് ഐ.ബിയിലെത്തി. 2005 ൽ ഐ.ബി. ചീഫായി വിരമിക്കുന്നതുവരെ സ്തുത്യർഹമായ അനവധി സേവനങ്ങൾ. ഖണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് ഐ.സി 814 വിമാനം റാഞ്ചിയപ്പോൾ ഭീകരരുമായി ചർച്ച നടത്താൻ പോയതടക്കം രാജ്യത്തിന്റെ പല ഇന്റലിജൻസ് ഓപ്പറേഷനുകളിലും നിർണായക പങ്കു വഹിച്ചു." ഹോർമിസ് തരകൻ പറഞ്ഞു. ഹോർമിസ് തരകന്റെ വിവാഹ സത്ക്കാരത്തിനും ഡോവൽ കൊച്ചിയിലെത്തിയിരുന്നു. " ബീഹാറുകാരനായ തപേശ്വർശർമ്മ 1990 ൽ ബംഗാളിൽ ഒരു റോഡപകടത്തിൽ മരിച്ചപ്പോൾ അജിതിന്റെയും കെ.എ.ജേക്കബിന്റെയും സഹായത്താൽ മകന് പൊലീസിൽ ജോലി ലഭിച്ചു.
കേരളത്തോടുള്ള താത്പ്പര്യത്താൽ തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ തപേശ്വർ വാങ്ങിയ സ്ഥലം ഇപ്പോഴുമുണ്ട്. 2018 ൽ ഞങ്ങളുടെ ബാച്ചിന്റെ അമ്പതാം വാർഷികം ഹൈദരാബാദിലെ പൊലീസ് അക്കാദമിയിൽ ആഘോഷിച്ചപ്പോൾ അജിത്തുൾപ്പെടെ അന്നുള്ളവരെല്ലാം എത്തിയിരുന്നു. അജിത്തിന്റെ പിൻഗാമിയായി ഐ.ബി ചീഫായത് ഞങ്ങളുടെ ബാച്ചിലേ തന്നെ ഇ.എസ്.എൽ നരസിംഹൻ ആയിരുന്നു.പിൽക്കാലത്ത് ആന്ധ്രാ തെലുങ്കാന ഗവർണറായ നരസിംഹൻ രാജ്ഭവനിൽ നിന്ന് രണ്ട് ദിവസം ഞങ്ങളോടൊപ്പം ചെലവഴിക്കാൻ അന്ന് അക്കാദമിയിൽ എത്തിയിരുന്നു." ഹോർമീസ് പറഞ്ഞുനിർത്തി.
കാണുന്നത് അപൂർവ്വമായിട്ടാണെങ്കിലും സൗഹൃദം ഇന്നും അതേ ഊഷ്മളതയോടെയുണ്ട്. സുവർണക്ഷേത്രം ഖാലിസ്ഥാൻ ഭീകരർ കൈയ്യടക്കിയപ്പോൾ ക്ഷേത്രത്തിനുള്ളിൽ കടന്ന് ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി അറിയുകയും ,ഭിന്ദ്രൻവാലയെ സ്പോട്ട് ചെയ്തതും അജിത് ഡോവലായിരുന്നു. ഓപ്പറേഷൻ ബ്ളൂ സ്റ്റാറിന് ആ വിവരങ്ങൾ നിർണായകമായി മാറി. പാകിസ്ഥാനിൽ കൗണ്ടർ ഇന്റലിജൻസ് പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. സർവ്വീസിൽ നിന്ന് വിരമിച്ച ഉടൻ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായി. ബി.ജെ.പി നേതാക്കളുമായി ഉറ്റ ബന്ധത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്.
2014 ൽ നരേന്ദ്ര മോദി സർക്കാർ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. അന്ന് കേന്ദ്ര സഹമന്ത്രി ( മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ) യുടെ റാങ്കായിരുന്നെങ്കിൽ ഇക്കുറി അത് കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ റാങ്കാക്കി. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കുമ്പോൾ മറ്റു രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവർ പലപ്പോഴും കാബിനറ്റ് റാങ്കുള്ളവരായിരിക്കും. പ്രത്യേകിച്ചും ചൈനയുമായുള്ള ചർച്ചയിൽ, അവിടെ പ്രോട്ടോക്കോൾ പ്രശ്നമുണ്ടാകാതിരിക്കാനായിരുന്നു ഈ തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രിയായി നിയമിതനായ എസ്.ജയശങ്കർ ഡോവലിനേക്കാൾ താരതമ്യേന ജൂനിയറായ ഉദ്യോഗസ്ഥനാണെന്നതും മറ്റൊരു കാരണമായിരുന്നു.
ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പൗരി ഗഡ് വാളിലാണ് ഡോവലിന്റെ ജനനം.അച്ഛൻ മേജർ ജി.എൻ.ഡോവൽ ആർമി ഓഫീസറായിരുന്നു.സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ ഡോവലിന് സ്ട്രാറ്റജിക് ,സെക്യൂരിറ്റി രംഗങ്ങളിലും കൗണ്ടർ ടെററിസത്തിലുമുള്ള പ്രാഗത്ഭ്യം കണക്കിലെടുത്ത് ആഗ്ര സർവകലാശാലയടക്കം ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.ഭാര്യയും രണ്ട് മക്കളുമുണ്ട്. അയൽ രാജ്യങ്ങളുമായി സ്വയം പ്രതിരോധമെന്ന ചിന്തയിൽ നിന്നും ഇന്ത്യയെ തിരിച്ചടിക്കാൻ പ്രാപ്തമാക്കിയ ആശയങ്ങൾ ഡോവലിന്റേതായിരുന്നു. ബാലക്കോട്ട് മാത്രമല്ല പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനുണ്ട്.
കാശ്മീർ വിഷയത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ചതും ഈ 75 കാരനായിരുന്നു. " രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഇന്ന് ഡോവലിനോളം മികവുള്ള മറ്റൊരു ഉദ്യോഗസ്ഥനുണ്ടെന്ന് തോന്നുന്നില്ല"- മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ പറഞ്ഞു. " ഡോവൽ പ്രതിഭാശാലിയായ ഉദ്യോഗസ്ഥനാണ് .വർക്കഹോളിക്കാണ്." ബാച്ച് മേറ്റായിരുന്ന കോട്ടയം സ്വദേശി കെ.എ.ജേക്കബ് ഓർക്കുന്നു.ലാലുപ്രസാദ് യാദവും രാബ്റി ദേവിയും ബീഹാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബീഹാർ ഡി.ജി.പിയായിരുന്നു ജേക്കബ്.
തെറ്റായ ചില പ്രചാരണങ്ങൾ
തലശ്ശേരി കലാപം നിയന്ത്രിക്കുമ്പോൾ അന്ന് കൂത്തുപറമ്പ് എം.എൽ.എ കൂടിയായ പിണറായി വിജയനെ അവിടെ എ.എസ്.പിയായെത്തിയ ഡോവൽ തോക്ക് ചൂണ്ടി ജയിലിലടച്ചുവെന്നൊരു വ്യാജ പ്രചാരണം ഇപ്പോൾ സോഷ്യൽ മീഡിയയിലും ഹിന്ദിയടക്കമുള്ള ചില അന്യഭാഷാ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
അതൊരു തെറ്റായ പ്രചാരണമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അക്കാലത്ത് ചില പൊലീസ് ഓഫീസർമാർ പ്രശ്നക്കാരായി മാറാറുണ്ടായിരുന്നു. 1972 ജനുവരി മുതൽ ആറുമാസക്കാലം ഡോവൽ അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു വിവാദത്തിലും പെട്ടിരുന്നില്ല. മാത്രമല്ല കലാപകാലത്ത് ആരും പിണറായിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുമില്ല. കലാപം അവസാനിപ്പിക്കാൻ ധീരമായി മുന്നിട്ടിറങ്ങിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ തിളങ്ങുന്ന അദ്ധ്യായവുമാണ്.ഡോവലിനെ ഒരിക്കൽ താൻ കണ്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു." അന്ന് ഒരു സ്കൂളിനു മുന്നിൽ ഞങ്ങൾ സമരത്തിനു നിൽക്കുമ്പോൾ ഡോവൽ അവിടെ ജീപ്പിൽ വന്നിറങ്ങി. നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു.
പഠിപ്പുമുടക്കാനാണെന്ന് മറുപടി നൽകിയപ്പോൾ നിങ്ങളെ കണ്ടാൽ ഇവിടെ പഠിക്കുന്നവരാണെന്ന് തോന്നുന്നില്ലോയെന്ന് പറഞ്ഞു. ഞാൻ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്നമൊന്നുമുണ്ടാക്കരുതെന്ന് പറഞ്ഞ് അദ്ദേഹം പോയി." വേറെ ഒരു ഓർമ്മയുമില്ല. പിണറായിക്കെതിരായ പ്രചാരണം ഡോവൽ തന്നെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്."പിണറായി വിജയൻ എന്ന വ്യക്തിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അറിയാം.ഞാൻ അജിത് ഡോവലാണെന്നും അറിയാം. അല്ലാതെ ഒന്നുമറിയില്ല " എന്നാണ് ഡോവൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത് .-കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചപ്പോൾ ." ഇതൊക്കെ എനിക്കെതിരെ പ്രചരിപ്പിക്കുന്നതല്ലേ..ഇതിനൊന്നും മറുപടി പറയാൻ ഞാൻ നിൽക്കുന്നില്ല.ആ കാലത്ത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല.അദ്ദേഹം ഈ പ്രചാരണത്തിനൊന്നും ഉത്തരവാദിയുമല്ല.അദ്ദേഹം തന്നെ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടല്ലോ.." എന്നായിരുന്നു ഉത്തരം.
റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സ്ഥാപക ഡയറക്ടറായ രാം നാഥ് കാവോയെക്കുറിച്ചുള്ള " ആർ.എൻ.കാവോ ,ജെന്റിൽമാൻ സ്പൈ മാസ്റ്റർ " എന്ന പുസ്തകത്തിനെഴുതിയ അവതാരികയിൽ കാവോ മരണത്തിനുമുമ്പ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതിനെ അഭിനന്ദിക്കുകയും അത് വരും തലമുറകൾക്ക് മുതൽക്കൂട്ടായി മാറുമെന്നും ഡോവൽ പറഞ്ഞിട്ടുണ്ട്. ഡോവലിന്റെ ഉള്ളിലെ രഹസ്യങ്ങളുടെ ചെപ്പിൽ എന്തെല്ലാം ഇന്റലിജൻസ് ഓപ്പറേഷനുകളുടെ ബ്ളൂ പ്രിന്റുകളുണ്ടാവും. കാവോയ്ക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സ്പൈ മാസ്റ്റർ അജിത് ഡോവലാണെന്ന് ആർക്കാണറിയാത്തത്".