തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ കൊവിഡ് ഡ്യൂട്ടി നോക്കിയിരുന്നയാളിനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കുശേഷം ഇയാൾ ആര്യനാട്ടെ തറവാട്ടുവീട്ടിൽ എത്തിയിരുന്നു. ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ഇയാൾക്കൊപ്പം വിമാനത്താവളത്തിൽ ഡ്യൂട്ടിചെയ്തിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
നേരത്തേ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചിരുന്നു. ക്രൈംബ്രാഞ്ചിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ വനിതാ ഓഫീസർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചിരുന്നത്. അണുവിമുക്തമാക്കിയശേഷമാണ് ആസ്ഥാനം തുറന്നത്.