കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ട സമയത്ത് കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക മറ്റ് നാടുകളിലും ശ്രദ്ധ ആകർഷിച്ചിരുന്നു.ദേശീയ മാദ്ധ്യമങ്ങൾക്ക് പുറമേ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വരെ ആ മാതൃകയെ പുകഴ്‌ത്തിയും അവയുടെ വിശദാംശങ്ങൾ രാജ്യാന്തര സമൂഹത്തിന് പരിചയപ്പെടുത്തിയും വാർത്തകൾ നൽകി. മേയ് മാസത്തിൽ പ്രതിദിനം രോഗം ബാധിച്ചവരുടെ എണ്ണം പൂജ്യം എത്തിയതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ബിബിസി അഭിമുഖം നടത്തിയിരുന്നു. കേരളം സ്വീകരിച്ച നടപടികളെ കുറിച്ച് അന്ന് മന്ത്രി ബിബിസി വേൾഡ് ന്യൂസിൽ വിശദീകരിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ രാജ്യത്താദ്യമായി സമൂഹവ്യാപനം സംസ്ഥാന ഭരണകൂടം തന്നെ സ്ഥിരീകരിച്ച നിലവിലെ സാഹചര്യത്തിൽ ബിബിസി തന്നെ കേരളത്തിന്റെ ആശങ്കപ്പെടുന്ന സാഹചര്യം റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. സമൂഹവ്യാപനം ഉറപ്പിച്ചതോടെ പൂർണ ലോക്ഡൗണിലായ പൂന്തുറയിലെ സാഹചര്യവും ജനങ്ങളുടെ ആശങ്കയും ബിബിസി റിപ്പോർട്ടിലൂടെ അറിയിക്കുന്നുണ്ട്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമായി വ്യാപിച്ച് തുടങ്ങിയ സമയത്ത് കേരളത്തിൽ സംസ്ഥാന അതിർത്തികൾ അടഞ്ഞുകിടക്കുകയായിരുന്നു, അതുകൊണ്ട്തന്നെ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നില്ല സംസ്ഥാനത്ത്. എന്നാൽ നിലവിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യുകയാണ്. കേരളത്തിന്റെ ആദ്യഘട്ടത്തിലെ കോവിഡ് പ്രതിരോധത്തിന്റെ അവകാശവാദം കാലമെത്തും മുൻപുളളതാണെന്ന് റിപ്പോർട്ടിൽപറയുന്നു . സംസ്ഥാനത്ത് ആദ്യത്തെ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ 110 ദിവസമെടുത്തു. എന്നാൽ തുടർന്ന് ജൂലായ് പകുതിയാകുമ്പോഴേക്കും പ്രതിദിനം 800 പേർക്ക് രോഗം ബാധിക്കുന്നുണ്ട്. 12000 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 43 പേർ മരിച്ചു.1,70,000 പേർ ക്വാറന്റൈനിലാണ്. ഇതിന് വിദഗ്ധർ പറയുന്ന കാരണം ഗൾഫ് രാജ്യങ്ങളിലും മറ്റുമായി ജോലി നോക്കുന്ന കേരളത്തിലെ 17 ശതമാനം ജനങ്ങൾ തിരികെ എത്തിയതു കൊണ്ടാണെന്നാണ്.
ലോക്ഡൗൺ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ജനങ്ങൾ വേണ്ടത്ര കരുതൽ സ്വീകരിക്കാതെ കൂട്ടമായി പുറത്തിറങ്ങി ഇത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. മാത്രമല്ല ആന്ധ്രപ്രദേശ്,തമിഴ്നാട്,മഹാരാഷ്ട്ര പോലെയുളള സംസ്ഥാനങ്ങളിൽ നടക്കുന്നത്ര കൊവിഡ് പരിശോധന കേരളത്തിൽ നടക്കുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ടെസ്‌റ്റുകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തും വേണ്ടത്ര പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനുളള വിദഗ്ധ മറുപടിയുമുണ്ട്.
രോഗത്തെ പ്രതിരോധിച്ചു എന്ന പേരിൽ കേരളത്തിൽ മുൻപ് ഉണ്ടായ വാദങ്ങൾ അനവസരത്തിലായിരുന്നു എന്ന് തെളിയുകയാണ്. കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ ഭരണകൂടങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ഹോങ്‌കോംഗ് സർവ്വകലാശാലയിലെ പകർച്ചാവ്യാധി രോഗ ഗവേഷകനായ ഗബ്രിയേൽ ലിയൂങ് പറയുന്നതും റിപ്പോർട്ടിലുണ്ട്. നിയന്ത്രണങ്ങളെ മാറ്റിയും പുനസ്ഥാപിച്ചും ജനതയ്ക്ക് സ്വയം പ്രതിരോധത്തിന് വേണ്ടത്ര സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. കൊവിഡ് നിയന്ത്രണത്തിലാക്കാനുളള 'ഫ്ളാറ്റണിംഗ് ദി കർവ്' നയത്തിന് കേരളം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന സൂചനയാണ് ബിബിസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.