ഒട്ടും മേക്കപ്പില്ലാതെ നരച്ച തലമുടിയും കുറ്റിത്താടിയുമായി മാസ്കും സീറ്റ്ബെൽറ്റും ധരിച്ച് സൂപ്പർ കാർ ഓടിക്കുന്ന സാക്ഷാൽ തലൈവർ രജനീകാന്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി. ആരാധകരുൾപ്പെടെയുളളവർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മുണ്ടും വെളുത്തഷർട്ടും ധരിച്ച് തികച്ചും സാധാരണക്കാരനായാണ് സൂപ്പർസ്റ്റാർ കാറുമായി റോഡിലിറങ്ങിയത്. കൊവിഡ് കാലമായതിനാൽ സർക്കാർ നിർദ്ദേശം പാലിച്ച് മാസ്കും ധരിച്ചിട്ടുണ്ട്.
പ്രായം മറച്ചുപിടിക്കാൻ താരങ്ങളിൽ പലരും പെടാപ്പാടുപെടുമ്പോൾ തന്റെ നരയും കഷണ്ടിയും പ്രായവും മറച്ചുപിടിക്കാതെ സ്ക്രീനിനുപുറത്ത് പ്രത്യക്ഷപ്പെടാൻ രജനീകാന്ത് ഒരിക്കലും മടികാണിക്കാറില്ല. ആരാധകർക്കിടയിലും പൊതുപരിപാടികളിലും ഈ രീതിയിലല്ലാതെ രജനി എത്താറില്ല. സിനിമയിലെ അതിമാനുഷികനല്ലാത്ത രജനീകാന്തിനെക്കാൾ ആരാധകർക്ക് ഏറെയിഷ്ടം സാധാരണ രജനിയെയാണ്. ആരാധകരുമായി അടുത്തിടപഴകാനും അദ്ദേഹം മടിക്കാറില്ല.അദ്ദേഹം എത്തുമ്പോഴുളള ആൾക്കൂട്ടം തന്നെ ഇതിന് തെളിവ്. ദർബാർ ആണ് ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ രജനികാന്ത് ചിത്രം. നയൻതാരയായിരുന്നു ഇതിൽ രജനിയുടെ നായിക.ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' എന്ന ചിത്രമാണ് രജനിയുടേതായി വരാനിരിക്കുന്നത്.
അടുത്തിടെ രജനീകാന്ത് ബി ജെ പിയോട് അടുക്കുന്നു എന്ന തരത്തിലുളള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.രജനീകാന്തിന്റെ മരുമകൻ ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയെ ബി ജെ പി സംസ്ഥാന നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രജനീകാന്ത് ബി ജെ പിയിലേക്കെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.