''മായാമഞ്ചലിൽ
ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു
തഴുകുമൊരു തൂവൽത്തെന്നലേ...""
മലയാളികൾ എന്നെന്നും മനസിൽ സൂക്ഷിക്കുന്ന പാട്ട്, ദേവികാ സുരേഷ് മനസ് നിറഞ്ഞു പാടുമ്പോൾ ദൂരെയെവിടെയോ ഇരുന്ന് രാധികാ തിലക് അതുകേൾക്കുന്നുണ്ടാകാം. കുഞ്ഞുനാൾ മുതലേ അമ്മയുടെ പാട്ട് കേട്ട്, ആ മൂളിപ്പാട്ടിനൊപ്പം വെറുതേ പാടി നോക്കി അമ്മയ്ക്കൊപ്പം നടന്നിരുന്നു ഒരിക്കൽ അമ്മുവും. ആ യാത്ര പകുതിയാക്കി അമ്മ മടങ്ങിപ്പോയെങ്കിലും ദേവികയ്ക്ക് ഉറപ്പുണ്ട്, അമ്മ ഈ പാട്ടുകളെല്ലാം കേൾക്കുന്നുണ്ടാകും, മനസ് നിറഞ്ഞ് പുഞ്ചിരിച്ചിട്ടുണ്ടാകുമെന്ന്. മലയാളികളുടെ പ്രിയഗായികയ്ക്കുള്ള സ്നേഹാദരമായി മകൾ ദേവിക സമർപ്പിച്ച 'ട്രിബ്യൂട്ട് ടു രാധികാ തിലക് " എന്ന മ്യൂസിക് വീഡിയോയാണ് സംഗീതാസ്വാദകർ ഹൃദയപൂർവം സ്വീകരിച്ചത്. രാധികാ തിലക് പാടി അനശ്വരമാക്കിയ ദേവസംഗീതം, കാനനക്കുയിലേ എന്നീ രണ്ടുപാട്ടുകളുമുണ്ട് ഈ വീഡിയോയിൽ.
''കുഞ്ഞുനാൾ മുതലേ ജീവിതത്തിൽ പാട്ടുണ്ട്. അമ്മ പാടുന്നത് ഓർമ്മവച്ച നാൾ മുതൽ കേൾക്കുന്നുണ്ട്, കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. അമ്മയുടെ പ്രോഗ്രാം വരുമ്പോൾ കൂടെ പോകാറുണ്ട്. പാട്ട് നന്നായി കേൾക്കാറുണ്ട്. കേട്ടു കേട്ട് തന്നെ മിക്ക പാട്ടുകളും നന്നായി അറിയാം, അവയോട് ആത്മബന്ധവുമുണ്ട്. പാടിയിരുന്നില്ലെങ്കിലും പാട്ട് ഈ വഴിയിലൂടെയൊക്കെ കൂടെയുണ്ടായിരുന്നു എന്നു പറയാം. കുറച്ചുനാളായി തന്നെ പാട്ടുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. പ്രതീക്ഷിക്കാതെ വന്ന അവധികളൊക്കെയായി കുറച്ചു സമയം കൈയിലുണ്ടായിരുന്നു. കൃത്യമായ സമയം ഇതാണെന്ന് തോന്നി. അങ്ങനെ സംഭവിച്ചതാണ് ഈ വീഡിയോ."" ദേവികാ സുരേഷ് സംസാരിക്കുന്നു.
പാട്ടെന്ന നിയോഗം
ഇങ്ങനെ ഒരു ചിന്ത വന്നശേഷം ബാക്കിയെല്ലാം സംഭവിച്ചത് ഒരു നിയോഗം പോലെയാണ്. അത് ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സുജു അമ്മായി (ഗായിക സുജാതമോഹൻ)യും ശ്വേത ചേച്ചിയും കൂടെ തന്നെ നിന്നു, നമുക്കിത് ചെയ്യാമെന്നു പറഞ്ഞു, അവർ പൂർണ പിന്തുണ തന്നു. വീട്ടിൽ തന്നെയായിരുന്നു ഷൂട്ടിംഗും റെക്കാഡിംഗ്. ഫോണിൽ തന്നെയായിരുന്നു റെക്കാഡിംഗൊക്കെ. എഡിറ്റിംഗ് മാത്രമാണ് പ്രൊഫഷണലായി ചെയ്തത്. ഞാൻ പ്രതീക്ഷിക്കാത്ത, ഇപ്പോഴും പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത അത്രയുമായിരുന്നു ആൽബം റിലീസ് ചെയ്തതിനുശേഷമുള്ള ആളുകളുടെ പ്രതികരണങ്ങൾ. അന്നുരാത്രി തന്നെ കുറേ പേർ വിളിച്ചു, മെസേജുകൾ അയച്ചു, കാണുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. എനിക്കിതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അത്ഭുത നിമിഷങ്ങൾ എന്നു തന്നെ പറയാം. കമന്റ്സ് വായിച്ചപ്പോഴാണ് എനിക്കത്രയും സന്തോഷം തോന്നിയത്. അമ്മയെ കുറിച്ച് ഇപ്പോഴും ഓർക്കുന്ന, അമ്മയുടെ പാട്ടുകൾ ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഇത്രയധികം പേരുണ്ട് എന്ന് അറിയുന്നത് തന്നെ അഭിമാനമാണ്. ഞാൻ സ്വപ്നം കണ്ടതും നടന്നതും ഒക്കെ ശരിയായ കാര്യങ്ങളായിരുന്നെന്ന് എനിക്ക് മനസിലായി. വൈകിപ്പോയി എന്ന ചിന്ത ഒട്ടും തന്നെ ഇല്ല. ഇതായിരുന്നു ആ സമയം. അമ്മ കുറേ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്, അതൊക്കെ എല്ലാദിവസവും ഞങ്ങൾ കേൾക്കുന്നുണ്ട്, പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കുന്നുണ്ട് എന്നൊക്കെ പലരും പറയുന്നത് കേട്ടപ്പോൾ മനസ് നിറഞ്ഞു തുളുമ്പിയ അനുഭവമായിരുന്നു.
പാട്ടുകൾ വന്ന വഴി
അമ്മ പാടിയ മൂന്നുപാട്ടുകൾ എന്ന് നേരത്തെ ചിന്തിച്ചിരുന്നു. ആ പാട്ടുകൾ തിരഞ്ഞെടുക്കാൻ സുജു അമ്മായിയും ശ്വേത ചേച്ചിയുമാണ് സഹായിച്ചത്. 'ദേവസംഗീതം"... എന്ന പാട്ട് ഈ കൂട്ടത്തിൽ വേണം എന്ന് പറഞ്ഞതും അവരായിരുന്നു. അത്രയധികം ഫീലുള്ള, ഒരു സ്റ്റാർ സോംഗ് തന്നെയാണല്ലോ ആ പാട്ട്. പാടാനായി ഈ മൂന്നുപാട്ടുകളും ഒരുപാട് തവണ ഞാൻ കേട്ടിരുന്നു. ആദ്യം റെക്കാർഡ് ചെയ്തതല്ല, പിന്നീട് ഉപയോഗിച്ചത്. സുജു അമ്മായിയാണ് കറക്ഷൻ പറഞ്ഞു തന്നത്. അത് ശരിയാക്കി വീണ്ടും റെക്കാർഡ് ചെയ്ത് അയക്കും. ചിലപ്പോൾ ശരിയാകും, അല്ലെങ്കിൽ വേറെ എന്തെങ്കിലും മാറ്റേണ്ടതുണ്ടാകും. അങ്ങനെ പാടിപ്പാടിയാണ് ഓരോ പാട്ടും ഫൈനലാക്കിയത്. ഒറ്റദിവസത്തിൽ സംഭവിച്ചതല്ല ഇതൊന്നും. അമ്മയുടെ എല്ലാപാട്ടുകളും ഒന്നിനൊന്ന് ഇഷ്ടമാണ്. പ്രിയപാട്ടുകൾ ചോദിച്ചാൽ എല്ലാം എന്റെ ഉള്ളിൽ തന്നെയുള്ളതാണ്. അവിടെയും ഇവിടെയും കുറച്ചു പഠിച്ചിട്ടുണ്ട് എന്നല്ലാതെ കാര്യമായ സംഗീതപഠനം ഉണ്ടായിട്ടില്ല.
കുറച്ചുകാലം ഞങ്ങൾ ദുബായ്യിലായിരുന്നു. അവിടേക്ക് പോകുന്നതിന് മുമ്പ് നാട്ടിലായിരുന്നപ്പോഴാണ് കുറച്ചു പഠിച്ചത്. അതല്ലാതെ സംഗീതം ഗൗരവമായി പഠിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിരുന്നില്ല. അമ്മ പാട്ട് പഠിപ്പിച്ചിട്ടൊന്നുമില്ല. വീട്ടിൽ വലുതായി പാടുന്ന ആളുമല്ല ഞാൻ. അമ്മ വീട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോഴും മൂളിപ്പാട്ട് പാടുമ്പോഴും ഒക്കെ കേൾക്കാറുണ്ട്. എപ്പോഴും ചെവിയിൽ ഇയർഫോണുമായി നടക്കുന്ന ആളാണ് ഞാൻ.
അമ്മ സന്തോഷിക്കുന്നുണ്ടാകും
കുറച്ചുകാലമായി അമ്മ വയ്യാതെ ഇരുന്നത് കൊണ്ട് ആ വിയോഗം അപ്രതീക്ഷിതമായിരുന്നില്ല. എന്തും നേരിടാനുള്ള ഒരു അവസ്ഥയിലേക്ക് എല്ലാവരുടെയും മനസ് മാറിയിരുന്നു. കുടുംബം ഒന്നാകെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അമ്മ ഇല്ല എന്ന യാഥാർത്ഥ്യം ഞങ്ങൾ അംഗീകരിച്ചത് അവരെല്ലാവരും തന്ന പിന്തുണയിലും സ്നേഹത്തിലുമാണെന്ന് ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ട്. ഞാൻ കരുതുന്നത്, അമ്മ എവിടെയാണെങ്കിലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും എന്നാണ്. അമ്മയുടെ ആഗ്രഹം കൊണ്ടു തന്നെ സംഭവിച്ച ദൈവനിയോഗമാവാം എന്റെ പാട്ട്. ശ്വേത ചേച്ചിയും അങ്ങനെ ഒരു തോന്നൽ ഉള്ളിലുണ്ടായതായി പറഞ്ഞിരുന്നു. എല്ലാം കൃത്യസമയത്ത്, കൃത്യമായ സ്ഥലത്ത് വന്നു ചേരില്ലേ, അങ്ങനെ ഒരു അനുഭവമായിരുന്നു ഈ സംഗീതയാത്ര. കൊച്ചി നുവാൽസിൽ നിയമബിരുദം നേടിയതിനുശേഷം ഇപ്പോൾ മൂന്നുവർഷത്തോളമായി ബാംഗ്ളൂരിൽ ജോലി ചെയ്യുകയാണ് ഞാൻ. പാട്ട് കരിയറാക്കണമെന്നില്ല, പക്ഷേ, ഇനിയുള്ള ജീവിതത്തിൽ അത് കൂടെ വേണമെന്നുണ്ട്. ആ പാട്ടുകൾ കേട്ടപ്പോൾ അച്ഛന് വലിയ സന്തോഷമായി. പാടണമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.