സിനിമ കഴിഞ്ഞാൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകും.ജീവിതത്തിൽ ചെറിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാത്രം.പാഷാണം ഷാജി മനസ് തുറക്കുന്നു
സത്യം പറയാലോ, പാഷാണം എന്ന് വിളിച്ചാലേ ഞാനിപ്പോൾ തിരിഞ്ഞു നോക്കുകയുള്ളൂ. സാജു എന്ന പേര് മറന്നേ പോയി. 'സാജൂ"... എന്നാരെങ്കിലും വിളിച്ചാൽ മനസിലാകില്ല. പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്പോഴാണ് കാര്യം പിടികിട്ടുക. പക്ഷേ, 'എടേ പാഷാണം" എന്ന് വിളിച്ചാൽ അപ്പോത്തന്നെ തിരിഞ്ഞുനോക്കും. സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോർട്ടിൽ വരെ പാഷണം എന്നാക്കാൻ പറ്റുമോയെന്ന ആലോചനയിലാണ്. അമ്മയുടെ മെമ്പർഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്. ചില ആളുകൾക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ. 'ഹലോ ഭാസ്കരൻ ഷാജി" എന്ന് വിളിക്കുന്നവരുണ്ട്. ഒരിക്കൽ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലിൽ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടൻ തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്. ഏത് പേര് വിളിച്ചാലെന്താ ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ. എന്റെ ജീവിതത്തിൽ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പേരുകാരണം സംഭവിച്ചതാണ്.
ഇടയ്ക്ക് ചാനലുകളിൽ ഷോ ചെയ്തില്ലെങ്കിൽ വിദേശത്ത് ചെന്നാൽ തിരിച്ചറിയില്ല. സിനിമയിൽ അഭിനയിക്കുന്നവരെക്കാൾ വിദേശ മലയാളികൾക്ക് പരിചയം മിമിക്രി ചെയ്യുന്നവരെയാണ്. അവർ ഏത് സമയവും യൂട്യൂബിൽ തമാശ വീഡിയോകൾ കണ്ടുകൊണ്ടിരിക്കും. അടുത്ത മാസം ഒാണം ആണ്. വിദേശത്തെ ഓണം പ്രോഗാമുകൾ ക്രിസ്മസ് വരെ നീണ്ടുപോകും. അപ്പോഴേക്കും നമ്മുടെ ഓണമൊക്കെ വളിച്ചിട്ടുണ്ടാകും.
ചെറുപ്പത്തിൽ സദ്യ കഴിഞ്ഞാലുടൻ സൈക്കിളുമെടുത്തിറങ്ങും. ക്ളബുകൾ തോറും മത്സരത്തിൽ പങ്കെടുക്കുകയാണ് പരിപാടി. ആ സുഖമൊന്നും ഇപ്പോഴില്ല. റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷമൊന്നും ക്ളബുകളുമായി താരതമ്യപ്പെടുത്താൻ പറ്റില്ല.
കല്യാണമൊക്കെ കഴിഞ്ഞപ്പോൾ തിരുവോണത്തിന് രാവിലെ തറവാട്ടിലെത്തി അമ്മയെ കണ്ട് ഭാര്യയെ അവിടെയാക്കി പരിപാടിക്ക് പോകും. ഓണ സദ്യ കഴിക്കുന്നത് രാത്രി പന്ത്രണ്ട് മണിക്കായിരിക്കും. ക്ളബുകളുടെ പരിപാടിയാണെങ്കിൽ പല സ്ഥലത്ത് നിന്നായിരിക്കും കറികൾ വരുന്നത്. സെക്രട്ടറിയുടെ വീട്ടിൽ നിന്ന് അവിയൽ , ഖജാൻജിയുടെ വീട്ടിൽ നിന്ന് ഉപ്പേരി അങ്ങനെ . ഞങ്ങൾ കഴിക്കുമ്പോഴേക്കും എല്ലാം അവിയൽ പരുവത്തിലായിട്ടുണ്ടാകും. തമിഴ്നാട്ടിലാണ് ശരിക്കുമുള്ള ഓണം.
അരിയും പൂവുമെല്ലാം അവിടെ നിന്നല്ലേ വരുന്നത്. നമുക്ക് സദ്യ കഴിക്കുക, ടി വി കാണുക അത്രയല്ലേയുള്ളൂ.
ഞങ്ങൾ പത്തുമക്കളാണ്. ഓണത്തിന് എല്ലാവരും തറവാട്ടിൽ വരും. അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഭാര്യമാരുടെ വീട്ടിലേക്ക് പോകുന്നത്. കുറച്ചുനാളായി മിക്ക വിശേഷ ദിവസങ്ങളിലും വേണ്ടപ്പെട്ട മറ്റു ചിലർ കൂടി ഞങ്ങൾക്കൊപ്പമുണ്ടാകും. കാരണം ചാരിറ്റി പ്രവർത്തനത്തിനായാണ് ഞാനും ഭാര്യ രശ്മിയും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. ചാരിറ്റി സംഘടനയൊന്നുമല്ല. പറഞ്ഞും കേട്ടുമറിഞ്ഞ് ഓരോരുത്തരെ സഹായിക്കും. അഗതിമന്ദിരങ്ങളിൽ സ്ഥിരമായി പോകും. ഞാൻ വളരെ കഷ്ടപ്പെട്ടാണ് വളർന്നത്. ഇപ്പോഴല്ലേ എന്തും കഴിക്കാമെന്ന അവസ്ഥയിലെത്തിയത്.അതുകൊണ്ട് ഇല്ലാത്തവന്റെ വേദന മനസിലാകും. വിവാഹവാർഷികം പോലുള്ള ആഘോഷങ്ങളെല്ലാം അനാഥാലയങ്ങളിലെ കുട്ടികൾക്കൊപ്പമാണ്.
വീടിനടുത്തൊരു അഗതി മന്ദിരമുണ്ട്. അവിടെ ആഴ്ചയിൽ രണ്ട് ദിവസം ഭക്ഷണം കൊടുക്കും. ഗവൺമെന്റ് ആശുപത്രിയിലും രണ്ട് ദിവസം ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മാത്രമായി ഒരു വീട് എടുത്തു. ഭക്ഷണമുണ്ടാക്കാൻ ഒരു ചേച്ചിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മക്കൾ കളയുന്ന ഭക്ഷണം കഴിച്ചാൽ വിശപ്പുമാറുന്ന നിരവധി കുട്ടികൾ ചുറ്റുമുണ്ട്. ഭക്ഷണം പാഴാക്കരുതെന്ന് മനസിലാക്കാൻ മക്കളെ അങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകണം. അല്ലാതെ ലുലുമാളിൽ മാത്രമല്ല പോകേണ്ടത്. ആരാധനാലയങ്ങളിൽ നേർച്ച ചെയ്യുന്നതിനെക്കാൾ വലിയ സന്തോഷവും സമാധാനവും ഇത്തരം പ്രവൃത്തികൾ തരുമെന്ന് അനുഭവത്തിലൂടെ മനസിലാക്കിയതാണ്. ജോസ് മാവേലി, പാല മരിയാ സദൻ നടത്തുന്ന സന്തോഷേട്ടൻ തുടങ്ങിയവരോടൊക്കെ നല്ല അടുപ്പമാണ്. മരിയാ സദനിൽ 150-ൽ അധികം അന്തേവാസികളുണ്ട്.
അവിടെയൊക്കെ ചെന്നാൽ നമ്മളൊന്നുമല്ലെന്ന സത്യം മനസിലാകും.
ഇതൊക്കെ അറിഞ്ഞ് ഒരുപാട് ആളുകൾ വീട് വച്ച് കൊടുക്കുമോ, കല്യാണം നടത്തികൊടുക്കുമോ എന്നൊക്കെ ചോദിച്ച് വരാറുണ്ട്. അത്രയ്ക്കൊന്നുമായിട്ടില്ല. ഞാൻ വീട് വച്ചതു തന്നെ ലോണെടുത്തിട്ടാണ്. അതടയ്ക്കാൻപെടുന്ന പാട് എനിക്ക് മാത്രമേ അറിയൂ. സിനിമയിൽ അഭിനയിക്കുന്നതിന് അഞ്ചും പത്തും ലക്ഷമൊക്കെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് പലരും കരുതുന്നത്. നിർമ്മാതാക്കൾ ഒരു പ്രതിഫലം പറയുന്നു നമ്മൾ പോയി അഭിനയിക്കുന്നു.അത്രയേയുള്ളു. കാരണം സിനിമയാണ് ലക്ഷ്യം. ഇനി വേറെ വഴിക്കൊന്നും സഞ്ചരിക്കാൻ കഴിയില്ല. ഒരാഴ്ച വീട്ടിൽ നിന്നാൽ സഹായങ്ങൾക്കായി മാത്രം 10000 രൂപ വേണം. പകരം ഞങ്ങളുടെ ചെലവിൽ കുറയ്ക്കും. ഞാനും ഭാര്യയുമായിട്ടുള്ള ഒരു പ്ളാനിംഗാണത്. എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമുള്ളവരെല്ലാം പാവങ്ങളാണ്. അവരെയൊക്കെ സഹായിക്കണം. പണക്കാരനായിട്ടല്ല. എങ്കിലും ഞാൻ ജീവിക്കുന്നതുപോലെ അവരും ജീവിക്കണമെന്നുണ്ട്. ചെറിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ഇങ്ങനെ ജീവിച്ചു പോകണമെന്നാണ് ആഗ്രഹം.