മലയാള സിനിമയിൽ മുൻ നിരയിലുള്ള യുവതാരങ്ങളാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. ഇരുവരും വാഹന പ്രേമികൾ കൂടിയാണ്. പുതുപുത്തന്‍ മോഡലുകളോട് മാത്രമല്ല പഴയ ക്ലാസിക് മോഡലുകളോടും ഏറെ താല്‍പര്യമാണ് ദുല്‍ഖറിന്. പൃഥ്വിരാജും ഒട്ടും പിന്നിലല്ല. നിരവധി കാറുകളാണ് താരത്തിനുള്ളത്. ഡ്രെെവിംഗിൽ താൽപരരായ ഇരുവരും സിനിമാ ഇടവേളകളിൽ ഡ്രെെവിംഗിനായും സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖറിന്റെ പോർഷെയും തമ്മിലുള്ള മത്സരയോട്ടമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങൾ നിരത്തിലിറങ്ങിയത്. കറുത്തനിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്. ഇരുവരുടെയും മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം.
ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ.